ഗൗരവ് ഗൊഗോയിക്കെതിരേ നടക്കുന്നത് ഹീനമായ അപവാദ പ്രചാരണം: കോൺഗ്രസ്
Monday, February 17, 2025 1:27 AM IST
ന്യൂഡൽഹി: ബിജെപിയും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഗൗരവ് ഗൊഗോയിക്കെതിരേ ഹീനമായ അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തുകയാണെന്ന് കോൺഗ്രസ്.
വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ജോർഹട്ട് ലോക്സഭാ സീറ്റിൽ വിജയിക്കുകയും ആസാം മുഖ്യമന്ത്രിയുടെ അഴിമതി തുറന്നുകാട്ടുകയും ചെയ്തതിനാണ് കോൺഗ്രസ് എംപിക്കെതിരായ ആക്രമണമെന്ന് ജയറാം രമേശ് ആരോപിച്ചു.
ഡൽഹിയിലെ അദ്ദേഹത്തിന്റെ പരമോന്നത നേതാവിനെപ്പോലെ ആസാം മുഖ്യമന്ത്രിയും ആളുകളെ അപകീർത്തിപ്പെടുത്തുന്നതിലും കാര്യങ്ങളെ വളച്ചൊടിക്കുന്നതിലും വഴിതിരിച്ചുവിടുന്നതിലും വിദഗ്ധനാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
നിയമനടപടി സ്വീകരിക്കുമെന്ന ജയറാം രമേശ് പറഞ്ഞതിനെ ഹിമന്ത ബിശ്വ ശർമ സ്വാഗതം ചെയ്തു. സംസ്ഥാന സർക്കാരും നിയമനടപടികൾ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടീഷ് വനിതയുമായ എലിസബത്ത് കോൾബണിന്റെ പാക് ബന്ധങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്കരിക്കുമെന്ന് ഹിമന്ത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെതിരായി നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗൗരവ് ഗൊഗോയി തിരിച്ചടിക്കുകയും ചെയ്തു.
അതേസമയം, ഗൗരവ് ഗൊഗോയിക്കും ഭാര്യക്കും എതിരേ കേസെടുക്കേണ്ടെന്ന് ഇന്നലെ വൈകുന്നേരം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ, പാക്കിസ്ഥാൻ പൗരൻ അലി തൗഖീർ ഷേക്കിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിയോടു മന്ത്രിസഭാ യോഗം നിർദേശിച്ചു.
ഗൊഗോയി മുന്പ് രണ്ടു തവണ പ്രതിനിധീകരിച്ച കാലിയബോർ മണ്ഡലത്തിലെ തെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേണിന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.