ഗൗരവ് ഗൊഗോയ്ക്കെതിരേയല്ല, പാക് പൗരൻ അലി തൗഖീറിനെതിരേ കേസ്; തടിയൂരി ഹിമന്ത
Tuesday, February 18, 2025 2:24 AM IST
ഗോഹട്ടി: കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്ക്കെതിരേ കേസെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ പ്ലാനിംഗ് കമ്മീഷൻ ഉപദേഷ്ടാവിനെതിരേ കേസെടുത്ത് തടിയൂരി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
ഗൗരവ് ഗൊഗോയ്ക്കും ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്ത് കോൾബേണിനുമെതിരേ കേസെടുക്കുമെന്ന് ഹിമന്ത നേരത്തേ പ്രഖ്യാപിച്ചിരുന്നു. എലിസബത്ത് കോൾബേണിന് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ, ആസാം മന്ത്രിസഭ എംപിക്കും ഭാര്യക്കുമെതിരേ കേസെടുക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങൾ പരാമർശിച്ചെന്നു ചൂണ്ടിക്കാട്ടിയാണു പാക്കിസ്ഥാൻ പ്ലാനിംഗ് കമ്മീഷൻ ഉപദേഷ്ടാവ് അലി തൗഖീർ ഷേഖിനെതിരേ കേസെടുത്തിരിക്കുന്നത്. അലി തൗഖീർ ഷേഖ്, എലിസബത്ത് കോൾബേണിന്റെ മുൻ സഹപ്രവർത്തകനാണ്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും പാർലമെന്ററി കാര്യങ്ങളെക്കുറിച്ചും അലി തൗഖീർ നടത്തിയ പരാമർശം സാമുദായിക ഐക്യം തകർക്കുക ലക്ഷ്യമിട്ടാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ പൗരൻ അലി തൗഖീർ ഷേഖിനെതിരേയുള്ള കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി രൂപവത്കരിച്ചു. ഭാരതീയ് ന്യായ് സംഹിതയിലെയും യുഎപിഎയിലെയും വകുപ്പുകൾ പ്രകാരമാണ് ഷേഖിനെതിരേ കേസ് എടുത്തിരിക്കുന്നത്. സിഐഡി സ്പെഷൽ ഡിജിപി എം.പി. ഗുപ്തയാണ് എസ്ഐടി തലവൻ.
ഐഎസ്ഐ ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തിൽ കോൺഗ്രസ് എംപിക്കും ഭാര്യക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യേണ്ടെന്നു തീരുമാനിച്ച മന്ത്രിസഭ അലി തൗഖീർ ഷെയ്ക്കിനെതിരേ എഫ്ഐആർ ഫയൽ ചെയ്യാൻ ഡിജിപിയോട് നിർദേശിക്കുകയായിരുന്നു. അന്വേഷണം ഇതിനകം ആരംഭിച്ചതായി ഡിജിപി ഹർമീത് സിംഗ് അറിയിച്ചു.