കര്‍ണാടകയിലെ ഓട്ടോ ഡ്രൈവറുടെ അടിയേറ്റ ഗോവ മുന്‍ എംഎല്‍എ മരിച്ചു
Sunday, February 16, 2025 2:06 AM IST
പനാജി: കർണാടകയിലെ ബെലഗാവിയിൽവച്ച് ഓട്ടോറിക്ഷക്കാരന്റെ അടിയേറ്റ ഗോവ മുൻ എംഎൽഎ ഏതാനുംസമയത്തിനുശേഷം കുഴഞ്ഞുവീണു മരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി ബലഗാവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ലാവൂ മാലെദാർ (68) ആണ് മരിച്ചത്.
വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോഡ്രൈവർ മുൻ എംഎൽഎയെ പലതവണ അടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായെന്നു പോലീസ് പറഞ്ഞു.
ഹോട്ടലിലേക്കു മടങ്ങിയ എംഎൽഎ ഗോവണിപ്പടിയിൽ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോവ പോലീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് എംജിപി പ്രതിനിധിയായി 2012 ല്‍ നിയമസഭയിലെത്തിയത്.
മൂന്നുവർഷം മുന്‍പ് കോൺഗ്രസിൽ ചേർന്ന ലാവു മാലെദാർ 2022 ല്‍ നിയമസഭയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.