ബജറ്റിൽ ബിഹാറിന് മുൻഗണന: ന്യായീകരിച്ച് ധനമന്ത്രി
സ്വന്തം ലേഖകൻ
Monday, February 3, 2025 3:57 AM IST
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ബിഹാറിനു മുൻഗണന നൽകിയെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ മുൻ അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ വാക്കുകൾ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലിങ്കന്റെ പ്രസിദ്ധമായ “ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി’’ എന്ന ഉദ്ധരണി ഉപയോഗിച്ച് ബജറ്റ് രാജ്യത്തിലെ ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്ന് നിർമല അവകാശപ്പെട്ടു.
ബിഹാർ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണു ബജറ്റ് പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ തെരഞ്ഞെടുപ്പ് ആസാമിലുമുണ്ടല്ലോയെന്നായിരുന്നു നിർമലയുടെ മറുപടി. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമലയുടെ വിശദീകരണം.
ജനസാന്ദ്രത കൂടിയതും ശക്തമായ ചരിത്രവുമുള്ള ബിഹാർ ഒരു നല്ല അന്താരാഷ്ട്ര വിമാനത്താവളം അർഹിക്കുന്നില്ലേയെന്നായിരുന്നു ബിഹാറിന് പുതിയ വിമാനത്താവളങ്ങൾ അനുവദിച്ചതിൽ ധനമന്ത്രിയുടെ വിശദീകരണം.
ബിഹാറിന് ഒരു വിമാനത്താവളം പോലും ഇല്ലാത്തതിൽ നമ്മളെല്ലാവരും ഉത്തരവാദികളല്ലേയെന്നും അവർക്കതു നൽകേണ്ടതല്ലേയെന്നും നിർമല ചോദിച്ചു. വികസിത ഭാരതം എന്ന സങ്കല്പത്തിലേക്കുള്ള അടിത്തറ പാകുന്നതിന് ശക്തി നൽകുന്നതും അതേസമയം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ നിർണായകമേഖലകളിൽ പ്രാധാന്യം നൽകിയതുമായ സന്തുലിതമായ ബജറ്റാണിതെന്ന് നിർമല അവകാശപ്പെട്ടു.