യുഎസില്‍നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കും
Saturday, January 25, 2025 2:51 AM IST
ന്യൂഡല്‍ഹി: യുഎസിലേതു മാത്രമല്ല ലോകത്തെ ഏതു രാജ്യത്തേക്കുമുള്ള അനധികൃത കുടിയേറ്റം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ.
വിവിധതരത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങളാണ് അനധികൃത കുടിയേറ്റത്തിലൂടെ നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. യുഎസിൽ ഉൾപ്പെടെ യാത്രാരേഖകളില്ലാതെ തുടരുന്നവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കും. പൗരത്വ രേഖകള്‍ നല്കിയാല് തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും,
"" ഇന്ത്യക്കാർ യുഎസിലോ മറ്റേതെങ്കിലും രാജ്യത്തോ മതിയായ രേഖകളില്ലാതെ താമസിക്കുകയോ കാലാവധി കഴിഞ്ഞ് തങ്ങുകയോ ചെയ്യുന്ന സാഹചര്യത്തിൽ പൗരത്വം സ്ഥിരീകരിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചാൽ തിരികെ രാജ്യത്ത് എത്തുന്നതിന് നടപടികളുണ്ടാകും''-അദ്ദേഹം പറഞ്ഞു.യുഎസിൽ രേഖകളില്ലാതെ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
രേഖകളില്ലാത്ത ഏകദേശം 18,000 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് മടക്കിവിടാൻ പുതുതായി അധികാരത്തിലെത്തിയ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ വിവരമനുസരിച്ച് താമസരേഖകളില്ലാത്ത 538 വിദേശികളെ ഇതിനകം അറസ്റ്റ്ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.