ഷാഹി ഈദ്ഗാഹ് മസ്ജിദ് സർവേ: സ്റ്റേ നീട്ടി
Thursday, January 23, 2025 3:52 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ സർവേയ്ക്കുള്ള ഇടക്കാല സ്റ്റേ നീട്ടി സുപ്രീംകോടതി. വീണ്ടും വാദം കേൾക്കുന്ന ഏപ്രിൽ ഒന്നുവരെ ഇടക്കാല സ്റ്റേ തുടരാൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സർവേയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള അലാഹാബാദ് ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ വർഷം ജനുവരിയിൽ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ കാലാവധിയാണു കോടതി വീണ്ടും നീട്ടിയത്.
പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടന്ന് അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം അലാഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണു മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ സ്ഥലം തങ്ങൾക്കു കൈമാറണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ച ഹൈക്കോടതി, കോടതിയുടെ മേൽനോട്ടത്തിൽ മൂന്നംഗ അഭിഭാഷക കമ്മീഷണനോട് സർവേ നടത്താൻ നിർദേശിച്ചു.
എന്നാൽ, ഈ ഉത്തരവിനെതിരേ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയും 2024 ജനുവരിയിൽ ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്യുകയുമായിരുന്നു.