സെയ്ഫ് കേസ്: ആക്രമണസമയത്ത് സുരക്ഷാ ജീവനക്കാർ ഉറക്കത്തിൽ
Thursday, January 23, 2025 3:52 AM IST
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാനു നേരേ ആക്രമണമുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ ഫ്ലാറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാരും ഉറങ്ങുകയായിരുന്നുവെന്നു പോലീസ്.
സിസിടിവി കാമറകള്‍ സ്ഥാപിക്കാതിരുന്ന പ്രധാന കവാടം വഴിയാണ് അക്രമി അകത്തു പ്രവേശിച്ചത്. സുരക്ഷാ ജീവനക്കാർ ഉറങ്ങുകയാണെന്നു മനസിലാക്കിയ അക്രമി ശബ്ദമുണ്ടാകാതിരിക്കാന്‍ ഷൂസ് ഊരി ബാഗില്‍ വച്ചശേഷമാണ് അകത്തുകടന്നത്.
കെട്ടിടത്തിന്റെ ഇടനാഴിയില്‍ സിസിടിവി കാമറ ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ കാബിനിലും രണ്ടാമന് ഗേറ്റിനു സമീപവും ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദയെ കഴിഞ്ഞദിവസം ബാന്ദ്രയിലെ സെയ്ഫിന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ച് സംഭവം പോലീസ് പുനരാവിഷ്കരിച്ചിരുന്നു. മുംബൈ ബാന്ദ്രയിലെ സത്ഗുരു ശരൺ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു നടന് കുത്തേറ്റത്.