ഗാരിയാബന്ദ് ഏറ്റുമുട്ടൽ:; രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
Thursday, January 23, 2025 3:52 AM IST
ഗാരിയാബന്ദ്: ഛത്തീസ്ഗഡിലെ ഗാരിയാബന്ദിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി.
ഏറ്റുമുട്ടൽ മേഖലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണു രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തിയത്.
തലയ്ക്ക് ഒരു കോടി രൂപ വില പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായ ചലപതി എന്ന രാമചന്ദ്ര റെഡ്ഡി ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടുവെന്നാണ് ചൊവ്വാഴ്ച പോലീസ് അറിയിച്ചിരുന്നത്.
സൈനികനടപടിക്കിടെ ഒരു കോബ്ര കമാൻഡർക്കും ഒഡീഷ പോലീസിലെ പ്രത്യേക ദൗത്യസേനാംഗത്തിനും പരിക്കേറ്റിരുന്നു. ഈ വർഷം ഇതുവരെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 42 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.ഗാരിയാബന്ദിലെ കുലാരിഘട്ട് റിസര്‍വ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.