ചലപതിക്കു വിനയായത് ഭാര്യക്കൊപ്പമുള്ള സെൽഫി
Thursday, January 23, 2025 3:52 AM IST
ഭുവനേശ്വർ: സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് ദശകങ്ങളോളം കഴിഞ്ഞ ഉന്നത മാവോയിസ്റ്റ് നേതാവ് ചലപതിയെ കുടുക്കിയത് ഭാര്യക്കൊപ്പം എടുത്ത സെൽഫി.
സുരക്ഷാസേനയ്ക്ക് ചലപതിയെ തിരിച്ചറിയാൻ സെൽഫി സഹായകരമായി. ഒഡീഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ചലപതി ഉൾപ്പെടെ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ചലപതി സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ഏറ്റവും ഉന്നതരായ ഏഴു നേതാക്കളിലൊരാളാണ്.
ചലപതിയെന്ന് അറിയപ്പെടുന്ന രാമചന്ദ്ര റെഡ്ഢിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിലാണ് 2008ൽ ഒഡീഷയിലെ നയാഗഡ് ജില്ലയിൽ 13 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടത്. അന്ന് പോലീസിന്റെ ആയുധഡിപ്പോയിൽനിന്ന് ആയുധങ്ങൾ കവർന്നാണ് ആക്രമണശേഷം മാവോയിസ്റ്റുകൾ രക്ഷപ്പെട്ടത്.
നയാഗഡിലേക്കുള്ള എല്ലാ റോഡുകളിലും മാവോയിസ്റ്റുകൾ മരംമുറിച്ചു വീഴ്ത്തി ഗതാഗതം തടസപ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനാണ് ചലപതി. ആന്ധ്രയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നിലച്ചതോടെ ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലായി ചലപതിയുടെ പ്രവർത്തനം. ഏതാനും വർഷമായി ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ദരാഭയിലാണ് ചലപതി കഴിഞ്ഞിരുന്നത്.
അറുപതിനു മുകളിൽ പ്രായമുള്ള ഇയാൾക്ക് മുട്ടുവേദന മൂലം അധികം യാത്ര സാധ്യമായിരുന്നില്ല. ചെറുപ്പകാലത്ത് പീപ്പിൾസ് വാർ ഗ്രൂപ്പിലായിരുന്നു(പിഡബ്ല്യുജി) ചലപതി പ്രവർത്തിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഇയാൾക്ക് തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ഒഡിയ ഭാഷകൾ സംസാരിക്കാൻ കഴിയുമായിരുന്നു.
സൈനിക തന്ത്രങ്ങളിലും ഗറില്ല യുദ്ധമുറകളിലും പ്രാവീണ്യമുണ്ടായിരുന്നു.2004 വിവിധ മാവോയിസ്റ്റ് ഗ്രൂപ്പുകൾ ചേർന്ന് സിപിഐ(മാവോയിസ്റ്റ്) രൂപവത്കരിച്ചു. വൈകാതെ ചലപതി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായി.
ഒഡീഷയിലെ പിന്നാക്ക പ്രദേശങ്ങളായ കാന്ധമൽ, കാലഹന്ദി ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ചലപതി മറ്റു പ്രദേശങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു.
അതേസമയം, 2011ൽ കാന്ധമലിൽ പോലീസിന്റെ ആയുധ ഡിപ്പോ കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വനത്തിലെ ജീവിതത്തിനിടെ അരുണ എന്നറിയപ്പെടുന്ന ചൈതന്യ വെങ്കട്ട രവിയുമായി ചലപതി അടുപ്പത്തിലായി. വൈകാതെ ഇവർ വിവാഹിതരായി. ആന്ധ്ര ഒഡീ, ബോർഡർ സ്പെഷൽ സോണൽ കമ്മിറ്റി ഡെപ്യൂട്ടി കമാൻഡറായിരുന്നു അരുണ.
വർഷങ്ങളോളം സുരക്ഷാസേനയ്ക്ക് അജ്ഞാതനായിരുന്ന ചലപതിയെ തിരിച്ചറിയാൻ കഴിഞ്ഞത് ഭാര്യക്കൊപ്പമുള്ള സെൽഫി വഴിയായിരുന്നു. 2016 മേയിൽ ഏറ്റുമുട്ടലിനിടെ കണ്ടെടുത്ത സ്മാർട്ട്ഫോണിലായിരുന്നു ചലപതിയുടെയും ഭാര്യയുടെയും സെൽഫിയുണ്ടായിരുന്നത്.
ഇതിലൂടെ ചലപതിയെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതോടെ ചലപതിയുടെ യാത്രകൾ പരിമിതമായി. ഒരു ഡസനിലേറെ കേഡർമാർക്കൊപ്പമായിരുന്നു മാവോയിസ്റ്റ് നേതാവ് സഞ്ചരിച്ചിരുന്നത്.