മലയാളി കമാന്‍ഡറെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഹൈക്കോടതി
Thursday, January 23, 2025 3:52 AM IST
കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച് അഞ്ചു മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ മലയാളി കമാന്‍ഡറെ പിരിച്ചുവിട്ട കോസ്റ്റ് ഗാര്‍ഡ് കോടതിയുടെ നടപടി ശരിവച്ച് ഹൈക്കോടതി.
കോസ്റ്റ്ഗാര്‍ഡ് ഡിഐജിയായിരുന്ന കോഴിക്കോട് സ്വദേശി കെ. ജനാര്‍ദനന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. കപ്പലിന്റെ കമാന്‍ഡര്‍ക്ക് അപകടത്തിന്റെ ഉത്തരവാദിത്വമുണ്ടെന്നും കടലില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കേണ്ട സേനയുടെ കടമ ഹര്ജിക്കാരന് നിര്‍വഹിച്ചില്ലെന്നും കോടതി വിലയിരുത്തി.
2013 ഏപ്രില്‍ 25ന് പുലര്‍ച്ചെ ഗോവ തീരത്തായിരുന്നു സംഭവം. കോസ്റ്റ്ഗാര്‍ഡിന്റെ ‘വൈഭവ്’’ എന്ന യാനത്തിന്റെ പരീക്ഷണ ഓട്ടത്തിനിടെയായിരുന്നു കൂട്ടിയിടി. അപകടമുണ്ടായെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ലെന്നാണ് സേനാതാവളത്തില്‍ മടങ്ങിയെത്തിയ കമാന്‍ഡര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ബോട്ട് ഉടമാസംഘമാണ് അപകടം ഗുരുതരമാണെന്ന് അറിയിച്ചത്. അതിനിടെ ഏതാനും പേരെ മറ്റൊരു ബോട്ട് രക്ഷിച്ചിരുന്നു.
കോസ്റ്റ് ഗാര്‍ഡ് കോടതിയാണ് ഹര്‍ജിക്കാരനെ വിചാരണ ചെയ്തു ശിക്ഷ വിധിച്ചത്. പിരിച്ചുവിടലിനുപുറമേ ആറു മാസം തടവും വിധിച്ചിരുന്നെങ്കിലും തടവുശിക്ഷ പിന്നീട് ഒഴിവാക്കി. പിരിച്ചുവിടല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജനാർദനന് ഹൈക്കോടതിയിലെത്തിയത്.
കോസ്റ്റ്ഗാര്‍ഡ് കോടതിയുടേത് അധികാരപരിധി മറികടന്നുള്ള നടപടിയാണെന്നും കപ്പല്‍ ജീവനക്കാരുടെ പിഴവിന് താന്‍ ഉത്തരവാദിയല്ലെന്നും മറ്റുമാണ് ഹര്ജിക്കാരന് വാദിച്ചത്. കപ്പലിടിച്ചാണ് ബോട്ട് തകര്ന്നതെന്നതിനു തെളിവില്ല, തടവുശിക്ഷ ഒഴിവാക്കിയപ്പോള്‍ പിരിച്ചുവിടല്‍ നിലനിര്‍ത്തിയതു തെറ്റാണ് തുടങ്ങിയ വാദങ്ങളും ഉന്നയിച്ചു. എന്നാല്‍ മരിച്ചവരുടെ തലയ്ക്കടക്കം ഗുരുതര ക്ഷതമേറ്റത് കൂട്ടിയിടി നടന്നതിനു തെളിവാണെന്ന് ഹൈക്കോടതി വിലയിരുത്തി.