ജെപിസി യോഗത്തിൽ പ്രതിഷേധം; പ്രതിപക്ഷ അംഗങ്ങൾക്ക് സസ്പെൻഷൻ
Saturday, January 25, 2025 2:18 AM IST
സനു സിറിയക്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ 2024 സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തിനിടെ ബഹളം. സമിതിയിലുള്ള പ്രതിപക്ഷ എംപിമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. തുടർച്ചയായി ബഹളം വയ്ക്കുന്നുവെന്നും അസഭ്യഭാഷ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. ബിജെപി അംഗം നിഷികാന്ത് ദുബെയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതി പഠിക്കാൻ വേണ്ടത്ര സമയം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബില്ല് വേഗത്തിൽ പാസാക്കാനുള്ള നീക്കമാണെന്നും അവർ ആരോപിച്ചു.
ജെപിസി ചെയർമാൻ ജഗദാംബിഗ പാൽ പ്രതിപക്ഷ അംഗങ്ങളെ കേൾക്കാൻ തയാറാവുന്നില്ലെന്ന് തൃണമൂൽ കോണ്ഗ്രസ് എംപിയും സമിതി അംഗവുമായ കല്യാണ് ബാനർജി ചൂണ്ടിക്കാട്ടി. ജന്മിമാർക്കു സമാനമായ പെരുമാറ്റമാണ് ചെയർമാന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ മാസം 21ന് നടന്ന ജെപിസി യോഗത്തിനുശേഷം 24നും 25നും യോഗം നടക്കുമെന്നായിരുന്നു ചെയർമാൻ അറിയിച്ചത്. എന്നാൽ ഈ ദിവസങ്ങളിൽ അസൗകര്യമുള്ളതിനാൽ യോഗം മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ അത് കേട്ടില്ല. തുടർന്ന് എല്ലാ പരിപാടികളും മാറ്റിവച്ച് എംപിമാർ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ യോഗം 27 ലേക്കു മാറ്റിയതായി അവസാനനിമിഷം അറിയിച്ചു. ഇത് രാഷ്്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ അംഗങ്ങളോട് ഒരു ബഹുമാനവും കാണിക്കാതെയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും കല്യാണ് ബാനർജി ആരോപിച്ചു.
ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമിതിയുടെ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ ജെപിസിയെ ബിജെപിയും കേന്ദ്രസർക്കാരും പ്രേരിപ്പിക്കുകയാണെന്ന് കോണ്ഗ്രസ് എംപി നസീർ ഹുസൈൻ ആരോപിച്ചു.
പ്രതിപക്ഷം ആവശ്യപ്പെട്ടത് പ്രകാരം ജമ്മു കാഷ്മീരിൽ നിന്നുള്ള മത മേധാവി മിർവായിസ് ഉമർ ഫാറൂഖിനെ ബില്ലിനെപ്പറ്റി ചർച്ച ചെയ്യാൻ ക്ഷണിച്ചു. സംഘം ഇന്നലെ എത്തിയതിനാലാണ് യോഗം മാറ്റിയതെന്ന് നിഷികാന്ത് ദുബെ വ്യക്മാക്കി.
പ്രതിപക്ഷ എംപിമാരായ കല്യാണ് ബാനർജി, എം.ഡി. ജാവിദ്, എ.രാജ, അസദുദ്ദീൻ ഉവൈസി, നാസിർ ഹുസൈൻ, മോഹിബുള്ള, എം. അബ്ദുള്ള, അരവിന്ദ് സ്വാന്ത്, നദിമുൽ ഹഖ്, ഇംറാൻ മസൂദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.