പാർലമെന്റിൽ ഭരണഘടന ചർച്ച ചെയ്യും; അദാനി, മണിപ്പുർ, സംബാൽ വിഷയങ്ങളില്ല
Tuesday, December 3, 2024 2:14 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി, സംബാൽ, മണിപ്പുർ വിഷയങ്ങളിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടർച്ചയായ രണ്ടാമത്തെ ആഴ്ചയുടെ ആദ്യദിനവും പൂർണമായി സ്തംഭിച്ചു. ഇതുമൂലം വയനാടിന്റെ സഹായം സംബന്ധിച്ച ആവശ്യവും പാർലമെന്റിൽ ചർച്ചയ്ക്കെടുത്തില്ല.
ഇതിനിടെ, ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു രണ്ടു ദിവസം വീതം ഇരുസഭകളിലും ചർച്ച നടത്താൻ സർക്കാരും പ്രതിപക്ഷവും ഇന്നലെ ധാരണയിലെത്തി. 13, 14 തീയതികളിൽ ലോക്സഭയിലും 16, 17 തീയതികളിൽ രാജ്യസഭയിലും ഭരണഘടനാ ചർച്ച നടത്താൻ സ്പീക്കർ ഓം ബിർല ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണു സമവായമുണ്ടായത്. കഴിഞ്ഞ മാസം 26ന് ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിനു പിന്നാലെ ഭരണഘടനയെക്കുറിച്ചു രണ്ടു ദിവസത്തെ ചർച്ച പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അദാനി, മണിപ്പുർ, സംബാൽ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഭിന്നത തുടരുന്നതിനാൽ പാർലമെന്റ് സ്തംഭനത്തിന് പരിഹാരമായോ എന്നു വ്യക്തമല്ല. ഇന്നു രാവിലെ യോഗം ചേർന്നു പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി സഭ സ്തംഭിക്കുന്നതിനോടു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലും ഇന്ത്യ സഖ്യത്തിലെ നിരവധി എംപിമാർക്കും വിയോജിപ്പുണ്ട്.
അദാനി ഗ്രൂപ്പിന്റെ സാന്പത്തിക തട്ടിപ്പുകളെക്കുറിച്ചു ചർച്ച ചെയ്യാൻ സർക്കാർ തയാറാകാത്തതാണു പ്രശ്നമെന്ന് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. എങ്കിലും പാർലമെന്റിൽ മറ്റു പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനായി വിട്ടുവീഴ്ചയ്ക്കു തയാറായേക്കും.
ഇതിനിടെ, അദാനി പ്രശ്നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് നടപടികൾ സ്തംഭിപ്പിക്കുന്നതിൽ വിയോജിച്ച് തൃണമൂൽ കോണ്‍ഗ്രസ് രാവിലെ ഇന്ത്യ സഖ്യം നേതാക്കളുടെ പതിവുയോഗം ബഹിഷ്കരിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ നടന്ന പാർലമെന്റിലെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിൽ (ഫ്ളോർ ലീഡേഴ്സ് മീറ്റിംഗ്) നിന്നാണ് ടിഎംസി നേതാക്കൾ വിട്ടുനിന്നത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, ഫണ്ട് ക്ഷാമം, മണിപ്പുർ അക്രമം തുടങ്ങി ആറു പ്രധാന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്നതായി തൃണമൂൽ കോണ്‍ഗ്രസ് അറിയിച്ചു.
പാർലമെന്റിലെ ഇരുസഭകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യം നേതാക്കളുടെ യോഗത്തിൽനിന്ന് തൃണമൂൽ കോണ്‍ഗ്രസ് വിട്ടുനിന്നെങ്കിലും പ്രതിഷേധത്തിൽ കോണ്‍ഗ്രസും ഇതര പ്രതിപക്ഷവും ഇന്നലെയും ഉറച്ചുനിന്നു.