ജമ്മുവിൽ രണ്ടു ബറ്റാലിയൻ സേനയെക്കൂടി വിന്യസിച്ചു
Monday, December 2, 2024 4:43 AM IST
ന്യഡൽഹി: പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ജമ്മു മേഖലയിൽ രണ്ടു ബറ്റാലിയൻ സേനയെക്കൂടി വിന്യസിച്ചു. രണ്ടാം സുരക്ഷാ കവചമെന്ന നിലയിൽ 2,000 സൈനികരെയാണു വിന്യസിച്ചതെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലാണു സേനാ വിന്യാസം നടത്തിയിരിക്കുന്നത്.
മാവോയിസ്റ്റുകളെ നേരിടുന്നതിനായി ഒഡീഷയിൽ വിന്യസിച്ചിരുന്ന രണ്ടു ബറ്റാലിയൻ സൈനികരെ അടുത്ത നാളിൽ ബിഎസ്എഫ് പിൻവലിച്ചിരുന്നു. ആ സൈനികരെയാണു ജമ്മുവിൽ നിയമിച്ചിരുക്കുന്നത്. ശീതകാലത്തു പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുകയാണു പ്രധാന ലക്ഷ്യം. തണുപ്പുകാലത്ത് പാക്കിസ്ഥാനിൽനിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം കൂടാറുണ്ട്.
ജമ്മുകാഷ്മീരിലെ പഞ്ചാബ് അതിർത്തിയിലുള്ള സാംബ മേഖലയിലാണു സൈനികരെ വിന്യസിച്ചിരിക്കുന്നതെന്നു സരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 2,289 കിലോമീറ്റർ അതിർത്തിയിലാണു ബിഎസ്എഫ് കാവൽ നില്ക്കുന്നത്. അതിൽ 485 കിലോമീറ്ററാണു ജമ്മു മേഖലയിലുള്ളത്.