കേജരിവാളിനു നേരേ ദ്രാവകമെറിഞ്ഞ് ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
Sunday, December 1, 2024 2:23 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരേ ദ്രാവകമെറിഞ്ഞ് ആക്രമണം.
സൗത്ത് ഡൽഹി ഗ്രെയ്റ്റർ കൈലാഷിൽ എഎപിയുടെ പദയാത്രയ്ക്കിടെയാണ് സംഭവം. ആക്രമണം നടത്തിയ അജ്ഞാതനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദ്രാവകം സമീപത്തുള്ളവരുടെ ദേഹത്തും വീണിട്ടുണ്ടെങ്കിലും ഹാനികരമല്ലാത്തതിനാൽ ആർക്കും പരിക്കില്ല.
സ്ഥലത്തെ ഡൽഹി എംഎൽഎയും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വജിനോടൊപ്പം തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ആളുകളെ അഭിവാദ്യം ചെയ്തു നടന്നുനീങ്ങുന്നതിനിടെയാണ് കേജരിവാളിനു നേരേ ആക്രമണമുണ്ടായത്.
നേതാക്കൾ നടന്നുനീങ്ങുന്നതിന്റെ എതിരേയുള്ള രണ്ടു ഭാഗങ്ങളിലെയും ജനക്കൂട്ടത്തെ പോലീസ് കയർ കെട്ടി നിയന്ത്രിച്ചിരുന്നു. ഇതു മറികടന്നാണ് അജ്ഞാതൻ കേജരിവാളിനെതിരേ ദ്രാവക ആക്രമണം നടത്തിയത്.
ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകനാണെന്ന് എഎപി നേതാക്കൾ ആരോപിച്ചു. ഡൽഹിയിലെ നിയമസംവിധാനം തകർന്നതിൽ എഎപി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.