കൊല്ലുന്ന പ്രണയം: ഡേറ്റിംഗ് ആപ്പ് വഴി പരിചയം; മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് സംശയം
Sunday, December 1, 2024 2:23 AM IST
ബംഗളൂരു: ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ ആസാം സ്വദേശിനിയും വ്ളോഗറുമായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് കണ്ണൂര്‍ തോട്ടട കിഴുന്ന കക്കാരയ്ക്കൽ ആരവ് ഹനോയ്. ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്തശേഷം മായയുമായി തര്‍ക്കമുണ്ടായെന്നും കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്നും ആരവ് മൊഴി നല്കി.
സംശയത്തെ തുടർന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവ് വെളിപ്പെടുത്തി. 24ന് അർധരാത്രിയോടെയാണ് കൊലപാതകം നടത്തിയത്. അതിനുശേഷം മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു.
മായയെ കൊലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പോലീസിനോട് പറഞ്ഞു. 25ന് മുഴുവൻ ആ മുറിയിൽ മൃതദേഹത്തിനൊപ്പം കഴിഞ്ഞു.
26ന് രാവിലെ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് ഊബർ വിളിച്ചുപോയി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകൾ മാറിക്കയറിയാണ് കാശിയിൽ എത്തിയതെന്നും ആരവ് പോലീസിനോട് പറഞ്ഞു.
ആറുമാസം മുന്‍പ് ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാർട്ട്മെന്റിൽ മുറിയെടുത്തശേഷം ഇക്കാര്യം ചോദിച്ച് ഇവർ തമ്മിൽ വഴക്കായി. മായയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് ആരവ് ഇവിടെ എത്തിയത്.