അദാനി കുറ്റപത്രം: കേന്ദ്രത്തിനെതിരേ വിമർശനവുമായി കോണ്ഗ്രസ്
Sunday, December 1, 2024 2:23 AM IST
ന്യൂഡൽഹി: വ്യവസായപ്രമുഖൻ ഗൗതം അദാനിക്കെതിരേയുള്ള അമേരിക്കയുടെ അന്വേഷണത്തിൽ ഇന്ത്യ ഭാഗമല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി കോണ്ഗ്രസ്.
അദാനിക്കെതിരേയുള്ള കുറ്റപത്രം അമേരിക്കൻ ഭരണകൂടവും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള വിഷയമാണെന്നും ഇന്ത്യ അതിൽ ഭാഗമല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കെതിരേ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. കേന്ദ്രസർക്കാരിനെതിരേയുള്ള അന്വേഷണത്തിൽ കേന്ദ്രത്തിനുതന്നെ എങ്ങനെ ഭാഗമാകാൻ കഴിയുമെന്നാണ് ജയ്റാം രമേശ് പരിഹസിച്ചത്.
അദാനിക്കെതിരായ കുറ്റപത്രത്തിൽ അമേരിക്കൻ അധികാരികൾ ഇന്ത്യയെ മുൻകൂട്ടി അറിയിക്കുകയോ സഹായം തേടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അദാനിക്കെതിരായ ആരോപണങ്ങൾ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും അമേരിക്കയിലെ നീതിന്യായവകുപ്പും തമ്മിലുള്ള നിയമപരമായ പ്രശ്നമാണെന്നും അതിനാൽ ഇന്ത്യ അന്വേഷണത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത്.
കേന്ദ്രംതന്നെ അന്വേഷണത്തിന്റെ ഭാഗമല്ലെന്നു പ്രതികരിച്ചതോടെ കേന്ദ്രത്തിനെതിരേയാണ് അന്വേഷണമെന്ന വ്യക്തമായ കാര്യം വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയെന്നു ജയ്റാം രമേശ് പറഞ്ഞു.
അദാനിയുടെ ഗ്രീൻ എനർജി കന്പനി ഉത്പാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്ക് വാങ്ങാനായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് അമേരിക്കയിൽ അദാനിക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.