ഐഎഫ്എഫ്ഐ 2024 സമാപിച്ചു
Monday, December 2, 2024 3:23 AM IST
ന്യൂഡൽഹി: ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഈ വർഷത്തെ പതിപ്പിനു ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപനം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികൾക്കൊപ്പം 28 രാജ്യങ്ങളിൽനിന്നുള്ള അന്തർദേശീയ പ്രതിനിധികളും മേളയിൽ പങ്കെടുത്തു. 11,332 പ്രതിനിധികളാണ് ഈ വർഷം ചലച്ചിത്രമേളയിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനമാണ് വർധന.
ഈ വർഷത്തെ ഫിലിം ബസാറിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എക്കാലത്തെയും ഉയർന്നതാണ്. 42 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1876 പേരാണ് മേളയിൽ വിദേശ പ്രതിനിധികളായി പങ്കെടുത്തത്. ഈ വർഷം ഫിലിം ബസാറിലെ വ്യവസായ സാധ്യതകൾ 500 കോടി കവിഞ്ഞെന്നതും മേളയിലെ സുപ്രധാന നേട്ടമാണ്.