സംബാൽ സംഘർഷം: ജുഡീഷൽ കമ്മീഷൻ സ്ഥലം സന്ദർശിച്ചു
Monday, December 2, 2024 4:43 AM IST
സംബാൽ: ഉത്തർപ്രദേശിലെ സംബാൽ ജുമാ മസ്ജിദിൽ നടന്ന സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷൻ സ്ഥലം സന്ദർശിച്ചു. കനത്ത സുരക്ഷയ്ക്കിടെയായിരുന്നു കമ്മീഷൻ അംഗങ്ങൾ ഷാഹി ജുമാ മസ്ജിദിലും അക്രമം നടന്ന സ്ഥലങ്ങളിലും സന്ദർശനം നടത്തിയത്.
മൂന്നംഗ കമ്മിഷനിലെ രണ്ടംഗങ്ങളായ അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ദേവേന്ദ്ര കുമാർ അറോറ, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയ്ൻ എന്നിവരാണ് സന്ദർശനം നടത്തിയത്. കമ്മീഷനിലെ മറ്റൊരംഗമായ മുൻ ഐഎഎസ് ഓഫീസർ അമിത് മോഹൻ പ്രസാദ് സന്ദർശനത്തിന് എത്തിയിരുന്നില്ല.
മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ ആഞ്ജനേയ കുമാർ സിംഗ്, ഡിഐജി മുനിരാജ്, സംബൽ കളക്ടർ രാജേന്ദ്ര പെൻസിയ, എസ്പി കൃഷൻ കുമാർ എന്നിവർ കമ്മീഷനൊപ്പമുണ്ടായിരുന്നു. സംഭവസ്ഥലം പരിശോധിക്കുന്നതിനാണു കമ്മീഷൻ എത്തിയതെന്നു ഡിവിഷണൽ കമ്മീഷണർ ആഞ്ജനേയ കുമാർ സിംഗ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ചിലരുമായി കമ്മീഷനംഗങ്ങൾ സംസാരിച്ചു. കമ്മീഷൻ വീണ്ടും സ്ഥലം സന്ദർശിക്കുമെന്നും ഡിവിഷണൽ കമ്മീഷണർ അറിയിച്ചു.