മണിപ്പുർ: അന്വേഷണം ഊർജിതമാക്കി എൻഐഎ
Sunday, December 1, 2024 2:23 AM IST
ഗോഹട്ടി: മണിപ്പുരിൽ കലാപകാരികൾക്കെതിരേ അന്വേഷണം ഊർജിതമാക്കിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൃത്തങ്ങൾ.
മെയ്തെയ് തീവ്രവാദ വിഭാഗമായ അരംബായി തെങ്കോളിന്റെ തലവൻ കൊറൗ നഗാൻബ ഖുമാൻ, പ്രമുഖ കുക്കി ഭീകരവാദികൾ തുടങ്ങിയവരെല്ലാം അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഇംഫാലിൽ മണിപ്പുർ റൈഫിൾ കോംപ്ലക്സിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ചതും മോറെയിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോസ്റ്റ് ആക്രമിച്ചതും ബിഷ്ണുപുരിൽ സ്ഫോടനം നടത്തിയതും ഉൾപ്പെടെയുള്ള കേസുകളാണ് അന്വേഷണപരിധിയിൽ.
ഇതിൽ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം അടുത്തിടെ എൻഐഎയ്ക്കു നിർദേശം നൽകിയിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം ഇംഫാലിലെ എൻഐഎ കോടതിയിൽനിന്ന് ഗോഹട്ടിയിലെ പ്രത്യേക എൻഐഎ കോടതിയിലേക്ക് കേസുകൾ മാറ്റുകയും ചെയ്തു.
ഇതിനിടെ, ജിരിബാം അക്രമത്തിനു പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ എട്ടുപേർ അറസ്റ്റിലായി. കഴിഞ്ഞ പതിനാറാം തീയതി എംഎൽഎമാരുടെ വസതികൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇംഫാൽ വെസ്റ്റ് സ്വദേശിയായ 20 കാരനാണ് അറസ്റ്റിലായവരിൽ ഒരാളെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച കക്ചിംഗ് പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിലാണ് മറ്റ് ഏഴുപേരുടെ അറസ്റ്റ്. എംഎൽഎമാരുടെ വീട് ആക്രമിച്ച കേസിൽ അറസ്റ്റിലായ നാലുപേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.
ജിരിബാമിൽ കഴിഞ്ഞ 11ന് കുക്കികളുടെ ആക്രമണത്തിനിടെ കാണാതായ മൂന്ന് സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ പിന്നീട് നദിയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് അക്രമം.
സ്ഫോടക വസ്തുക്കൾ കൈവശം വച്ചുവെന്ന കുറ്റത്തിന് രണ്ടു നിരോധിത സംഘടനയിൽനിന്നുള്ള നാലുപേരും അറസ്റ്റിലായി. കംഗ്ലിപാക് കമ്യൂണിസ്റ്റ് പാർട്ടി (പീപ്പിൾസ് വാർ ഗ്രൂപ്പ്) അംഗങ്ങളായ മൂന്നുപേരെയും യുഎൻഎൽഎഫ് (നിൻഗോൺ മോച്ച ഗ്രൂപ്പ്) അംഗമായ ഒരാളെയുമാണ് പിടികൂടിയത്.