തെലുങ്കാനയിൽ ഏഴു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Monday, December 2, 2024 4:43 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ഏഴു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. മുളുഗു ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. തലയ്ക്ക് 20 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കുർസാം മംഗുവും ഒരു വനിതയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ആറു പേർ ഛത്തീസ്ഗഡുകാരാണ്. എട്ടുർനഗരം മേഖലയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. രണ്ട് എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
കഴിഞ്ഞ മാസം മുളുഗു ജില്ലയിൽ രണ്ടു നാട്ടുകാരെ കൊലപ്പെടുത്തിയത് ഇവരാണെന്നു സൂചനയുണ്ട്. പോലീസിനു വിവരം ചോർത്തി നല്‍കുന്നുവെന്നാരോപിച്ചാണ് രണ്ടു നാട്ടുകാരെ മാവോയിസ്റ്റുകൾ കൊന്നത്.