തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം; കോണ്‍ഗ്രസിനെ ചർച്ചയ്ക്കു ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, December 1, 2024 2:23 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കെ കോണ്‍ഗ്രസ് പ്രതിനിധികളെ ഡിസംബർ മൂന്നിനു ചർച്ച ചെയ്യാനായി ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടെണ്ണലിൽ ചില പൊരുത്തക്കേടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതിനു പിന്നാലെയാണ് ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ഷണം.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നുവെന്നും തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ ഒപ്പമുണ്ടായിരുന്നുവെന്നും കമ്മീഷൻ വിശദീകരിച്ചു. തെരഞ്ഞടുപ്പിൽ വോട്ട് ചെയ്ത കണക്കും വോട്ടെണ്ണിയ കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.
വോട്ടർ പട്ടികയിൽനിന്ന് ചില വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായും ഇവിഎമ്മുകളിൽ ക്രമക്കേട് നടന്നതായും കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നു. എന്നാൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടില്ലെന്നും പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള എല്ലാ കണക്കുകളും സ്ഥാനാർഥികൾക്ക് ലഭ്യമാണെന്നും കമ്മീഷൻ വിശദീകരിച്ചു.
ഇവിഎമ്മുകൾക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി പല തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതുമാണ്.