ബംഗ്ലാദേശിൽ ഇന്ത്യൻ ബസ് ആക്രമിക്കപ്പെട്ടെന്ന് ത്രിപുര മന്ത്രി
Monday, December 2, 2024 4:43 AM IST
അഗർത്തല: ത്രിപുരയിലെ അഗർത്തലയിൽനിന്നു കോൽക്കത്തയ്ക്കു പോയ ഇന്ത്യൻ ബസ് ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ടുവെന്ന് ത്രിപുര ഗതാഗത മന്ത്രി സുശാന്ത ചൗധരി. ബ്രഹ്മാൻബാരിയ ജില്ലയിലെ ബിശ്വ റോഡിലാണ് ആക്രമണമുണ്ടായതെന്നു മന്ത്രി പറഞ്ഞു. സമൂഹമാധ്യമത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബസിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
ആക്രമണം ബസിലെ ഇന്ത്യൻ യാത്രക്കാരെ ഭയചകിതരാക്കിയെന്നു മന്ത്രി ചൗധരി പറഞ്ഞു. "ഇന്ത്യൻ ബസിൽ ഒരു ട്രക്ക് മനഃപൂർവം ഇടിച്ചു. ഈ സമയംതന്നെ ഒരു ഓട്ടോറിക്ഷ ബസിന്റെ മുന്നിൽനിന്ന് വന്ന് ഇടിച്ചു. തുടർന്ന് പ്രദേശവാസികൾ ബഹളമുണ്ടാക്കി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയ അക്രമികൾ യാത്രക്കാരെ അസഭ്യം പറഞ്ഞു.'-മന്ത്രി പറഞ്ഞു.
അഗർത്തലയിൽനിന്നു കോൽക്കത്തയിലേക്കു ധാക്ക വഴി പോകുകയാണെങ്കിൽ പകുതി ദൂരം ലാഭിക്കാം. വിമാനത്തിലും ആസാം വഴി ട്രെയിനിലും സഞ്ചരിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ബസിൽ യാത്ര ചെയ്യാം.