പുതുച്ചേരി കടന്ന് ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ്
Sunday, December 1, 2024 2:23 AM IST
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ ജാഗ്രത തുടരുന്നതിനിടെ ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പുതുച്ചേരിക്കു സമീപം കരതൊട്ടു. രാത്രി ഒന്‍പതുമണിയോടെ കാറ്റ് പൂർണമായും തീരം കടന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിലും അതിശക്തമായ കാറ്റും പേമാരിയും അനുഭവപ്പെട്ടു. കനത്ത മഴ തുടരുന്ന ചെന്നൈയിൽ ഇന്നലെ രാത്രിയോടെ പ്രളയസമാനമായ അവസ്ഥയായി.
ആശുപത്രികളിലും വീടുകളിലും വെള്ളം കയറിയതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. സമീപമേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
നഗരത്തിലെ തീരമേഖലയിലും സ്ഥിതിഗതികൾ സങ്കീർണമാണെന്നാണു റിപ്പോർട്ടുകൾ. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും വിലക്ക് ലംഘിച്ച് ആളുകൾ തീരത്തെത്തുന്നത് രക്ഷാപ്രവർത്തകർക്കു വെല്ലുവിളിയായി.
നഗരത്തിൽ റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. ഇന്നുരാവിലെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. നൂറിലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. 19 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.
നഗരത്തിനു പുറമേ തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലും റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പള്ളൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കല്‍ ജില്ലകളിലും ജാഗ്രത തുടരുകയാണ്.
രണ്ടുദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിന് അറിയിച്ചു. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു.
ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണ നിർദേശവും സർക്കാർ നേരത്തെ നൽകിയിരുന്നു. തമിഴ്നാടിനും പുതുച്ചേരിക്കും പുറമേ തെക്കന്‍ ആന്ധ്രയുടെ തീരമേഖലയിലും റായലസീമയിലും ശക്തമായ മഴയാണ്. ആന്ധ്രയിലെ നെല്ലൂര്‍, കടപ്പ, അന്നമയ്യ, തിരുപ്പതി, ചിറ്റൂര്‍ ജില്ലകളും ജാഗ്രതയിലാണ്.