മഹാരാഷ്ട്രയിൽ അവ്യക്തത തുടരുന്നു ; വ്യാഴാഴ്ച സത്യപ്രതിജ്ഞയെന്ന് ബിജെപി
Sunday, December 1, 2024 2:23 AM IST
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാർ രൂപീകരണത്തിൽ അവ്യക്തത തുടരുന്നതിനിടെ വ്യാഴാഴ്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുമെന്ന പ്രഖ്യാപനവുമായി ബിജെപി. അതേസമയം, മുഖ്യമന്ത്രിയുടെ പേര് പരസ്യപ്പെടുത്താൻ നേതൃത്വം തയാറായിട്ടില്ല.
മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനത്ത് വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബാവൻകുലെ അറിയിച്ചു.
കാവൽ മുഖ്യമന്ത്രിയായി തുടരുന്ന ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ ജന്മഗ്രാമമായ സത്താറയിലാണ്. അസുഖബാധിതനായ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് സഹായികൾ ഇന്നലെ രാത്രി അറിയിച്ചു. 288 അംഗ സഭയിൽ ബിജെപിക്ക് 132 സീറ്റുകളുണ്ട്.
ശിവസേന ഷിൻഡെ വിഭാഗത്തിലെ 57 എംഎൽഎമാരും എൻസിപി അജിത് പവാർ വിഭാഗത്തിന്റെ 41 സീറ്റുകളും ചേരുന്നതോടെ കേവലഭൂരിപക്ഷമായ 145ഉം കടന്ന് മഹായുതി സഖ്യത്തിന് 230 അംഗങ്ങളുടെ മൃഗീയഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എത്തുമെന്ന് ഉറപ്പായതോടെ ആഭ്യന്തരവകുപ്പിനുവേണ്ടി ഷിൻഡെ വിഭാഗം നിലകൊള്ളുന്നതാണ് അവ്യക്തതയ്ക്കു പ്രധാനകാരണം. ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാൻ ബിജെപി നേതൃത്വം വൈമനസ്യം തുടരുകയുമാണ്. ഇതുമൂലം ഫലം പ്രഖ്യാപിച്ച് ഏഴു ദിവസമായിട്ടും എംഎൽഎമാരുടെ യോഗം വിളിക്കാനോ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനോ ബിജെപിക്കു കഴിഞ്ഞിട്ടില്ല.
എന്നാൽ, വ്യാഴാഴ്ചയ്ക്കു മുമ്പ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നു ശിവസേനാ നേതാവ് സഞ്ജയ് സിര്സാത് പറഞ്ഞു.
ഷിൻഡെയുടെ തീരുമാനം ഇന്ന്
ഏക്നാഥ് ഷിന്‍ഡെ ഇന്ന് വൈകുന്നേരത്തോടെ സുപ്രധാനമായൊരു പ്രഖ്യാപനം നടത്തുമെന്നു പറഞ്ഞ അദ്ദേഹം ആഭ്യന്തരവകുപ്പ് വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു.
ആഭ്യന്തരം ഉപമുഖ്യമന്ത്രിമാര്‍ക്ക് എന്നതാണു കീഴ്വഴക്കം.
മുഖ്യമന്ത്രിതന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതു ശരിയല്ല. മുഖ്യമന്ത്രിപദവി സംബന്ധിച്ച് തർക്കമില്ല. ആലോചിക്കാന്‍ സമയം വേണമെന്ന് കരുതുന്ന ഘട്ടത്തിലെല്ലാം ഷിൻഡെ ജന്മഗ്രാമമായ സത്താറയിലേക്കു പോകാറുണ്ടെന്നും ഷിര്‍സാത് പറഞ്ഞു.
ഇതിനുശേഷം ഇന്നലെ രാത്രി ഷിൻഡെയെ കാണാൻ അദ്ദേഹം സത്താറയിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച ഒഴിവാക്കിയാണ് ഷിൻഡേ സത്താറയിലേക്കു പോയത്. ഇന്നലെ അദ്ദേഹം മുംബൈയില്‍ മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പനിയെത്തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന വിവരം വൈകുന്നേരത്തോടെ പാർട്ടി പരസ്യമാക്കുകയും ചെയ്തു.
പനിയും തൊണ്ടയിലെ അണുബാധയുമാണു മുഖ്യമന്ത്രിയെ അലട്ടുന്നതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. യുവരാജ് കാര്‍പി അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. രണ്ടുദിവസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ അറിയിച്ചു.
ഇതോടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ ഏതാണ്ട് നിലച്ച മട്ടിലാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസായിരുന്നു ആഭ്യന്തരം കൈകാര്യംചെയ്തത്. പുതിയ സര്‍ക്കാരിലും വകുപ്പ് വിട്ടുകൊടുക്കാന്‍ ബിജെപി തയാറല്ലെന്നാണു റിപ്പോർട്ടുകൾ. മറ്റൊരു പ്രധാനപ്പെട്ട വകുപ്പായ ധനകാര്യത്തിനുവേണ്ടി അജിത് പവാറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ, സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ വിമര്‍ശനവുമായി ശിവസേനാ ഉദ്ധവ് താക്കറെ പക്ഷം രംഗത്തെത്തി.