വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ സംശയമെന്ന് ശിവസേന
Tuesday, December 3, 2024 1:49 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ സംശയമുന്നയിച്ച് ശിവസേനാ ഉദ്ദവ് വിഭാഗം (യുബിടി) എംഎൽഎ വരുൺ സർദേശായി.
തപാൽ ബാലറ്റുകളിലെയും ഇവിഎം ഫലങ്ങളിലെയും ട്രെൻഡുകൾ തമ്മിൽ പൊരുത്തമില്ലെന്ന് അദ്ദേഹം ആരോപിച്ചു. പോളിംഗിന്റെ അവസാന രണ്ട് മണിക്കൂറുകളിൽ പോളിംഗിൽ സംശയാസ്പദമായ രീതിയിലാണ് വർധനയുണ്ടായത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും വരുൺ സർദേശായി ആവശ്യപ്പെട്ടു.
വാന്ദ്രെ ഈസ്റ്റ് മണ്ഡലത്തിൽ എൻസിപിയുടെ സീഷൻ സിദ്ദിഖിയെ പരാജയപ്പെടുത്തിയാണ് വരുൺ ദേശായി കന്നി അങ്കത്തിൽത്തന്നെ നിയമസഭയിലേക്ക് ടിക്കറ്റെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിവരങ്ങളിൽ അപാകതകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്നും സർദേശായി പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതാണ് കമ്മീഷന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.