ചന്ദേർകുഞ്ച് ആർമി ടവർ; നഷ്ടപരിഹാരത്തിൽ വ്യക്തത വേണമെന്നു താമസക്കാർ
Wednesday, February 5, 2025 1:51 AM IST
കൊച്ചി: വൈറ്റിലയിലെ സില്‍വര്‍ സാന്‍ഡ് ഐലൻഡിലെ ചന്ദേര്‍കുഞ്ച് ഫ്ലാറ്റ് സമുച്ചയം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ നഷ്ടപരിഹാരമായി നൽകുന്ന വാടകത്തുകയിൽ വ്യക്തതയുണ്ടാക്കണമെന്ന ആവശ്യവുമായി താമസക്കാർ രംഗത്ത്.
കോടതി നിര്‍ദേശമനുസരിച്ച് നിശ്ചയിച്ച വാടകത്തുക കുറവാണെന്നും മുഴുവന്‍ ഫ്ലാറ്റ് ഉടമകള്‍ക്കും ഇതു ലഭ്യമാകുന്നില്ലെന്നും ചന്ദേര്‍കുഞ്ച് വെല്‍ഫെയര്‍ ആന്‍ഡ് മെയിന്റനന്റ്സ് സൊസൈറ്റി ഭാരവാഹികള്‍ ആരോപിച്ചു.
നിലവില്‍ ഈ സമുച്ചയങ്ങളില്‍ 40ല്‍ താഴെ ഉടമകള്‍ മാത്രമാണു സ്ഥിരതാമസമുള്ളത്. മറ്റുള്ളവര്‍ കെട്ടിടത്തിന്റെ ബലക്ഷയം കാരണം താമസം മാറിയിട്ടുണ്ട്, എന്നാല്‍ കോടതി നിര്‍ദേശപ്രകാരം നഷ്ടപരിഹാരത്തുകയായി വാടക ലഭിക്കുന്നത് സ്ഥിരതാമസക്കാര്‍ക്കു മാത്രമാണ്. ഇന്റീരിയര്‍ ഫര്‍ണിഷിംഗ് അടക്കം ലക്ഷങ്ങള്‍ ഉടമകള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിലെ കോടതി വിധിപ്രകാരം നഷ്ടപരിഹാരത്തുകയില്‍ തുടരുന്ന അവ്യക്തത നീക്കണം.
മൂന്നു ടവറുകളിലായുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ ബി, സി ടവറുകള്‍ക്കാണ് ബലക്ഷയം കണ്ടെത്തിയത്. എന്നാല്‍ എ ടവറുമായി ഏറെയടുത്താണ് മറ്റു രണ്ടു ടവറുകളും സ്ഥിതിചെയ്യുന്നത്.
ബലക്ഷയമുള്ള ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ എ ടവറിന് കേടുപാടുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയും താമസക്കാര്‍ പങ്കുവയ്ക്കുന്നു. പുനര്‍നിര്‍മാണം നടത്തുമ്പോള്‍ കെട്ടിടത്തിലുള്ള പല ഭാഗങ്ങളും പുനരുപയോഗത്തിനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നിലവിലെ ഫ്ലാറ്റുകള്‍ പൊളിച്ച് അതേസ്ഥലത്ത് പുതിയ ഫ്ലാറ്റുകള്‍ പണിയുമ്പോള്‍ സിആര്‍ഇസെഡ് നിയമത്തിലെ ഭേദഗതികള്ക്കൂടി പരിഗണിക്കണമെന്നും സൊസൈറ്റി ഭാരവാഹികളായ സജി തോമസ്, വി.വി. കൃഷ്ണൻ, സ്മിത റാണി, ജോർജ് ആന്റണി, ആനി ജോൺസ് എന്നിവർ ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഫ്ലാറ്റിന്റെ ബലക്ഷയം വെളിവായ സാഹചര്യത്തിലാണു കോടതിയെ സമീപിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. തങ്ങൾക്കുപുറമേ ആറോളം താമസക്കാര്‍ വ്യക്തിഗത റിട്ട് സമര്‍പ്പിച്ചിരുന്നെന്നും അവർ വ്യക്തമാക്കി.
നിർമാണത്തിലും അഴിമതി?
ഫ്ലാറ്റ് നിർമാണത്തിൽ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് താമസക്കാര്‍ ആരോപിച്ചു. തൃപ്പുണിത്തുറ നഗരസഭയില്‍ നല്കിയ സ്കെച്ച് അപ്രൂവലിനുശേഷം കെട്ടിടം രൂപമാറ്റം വരുത്തിയാണ് നിര്‍മിച്ചത്. ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മരട് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് യാതൊരു നടപടിയുമെടുത്തില്ല.
മദ്രാസ് ഐഐടി അടക്കം 11 ഏജന്‍സികളാണ് ചന്ദേര്‍കുഞ്ച് ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് സാങ്കേതിക പഠനങ്ങള്‍ നടത്തിയത്. എല്ലാ പഠനങ്ങളും നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു.
2018ല്‍ തന്നെ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതിപ്പെട്ടിരുന്നു. പ്രോജക്ട് ഡയറക്ടറും കോണ്‍ട്രാക്ടറും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയെന്നാണ് ചന്ദേര്‍കുഞ്ച് വെല്‍ഫെയര്‍ ആന്‍ഡ് മെയിന്റനന്റ്സ് സൊസൈറ്റിയുടെ ആരോപണം.