സ്റ്റേഡിയത്തിലെ അപകടം; സംഘാടകർ കീഴടങ്ങണം
Wednesday, January 1, 2025 2:19 AM IST
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ സംഘാടകർ പോലീസിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി.
നാളെ ഉച്ചകഴിഞ്ഞു രണ്ടിനുമുന്പ് കീഴടങ്ങണമെന്നാണു നിർദേശം. വീഴ്ച വരുത്തിയാൽ അറസ്റ്റിലേക്കു നീങ്ങാമെന്നും ജസ്റ്റീസ് പി. കൃഷ്ണകുമാർ മുന്നറിയിപ്പു നല്കി. പ്രതികൾക്കെതിരേ നരഹത്യാശ്രമത്തിന് പാലാരിവട്ടം പോലീസ് ജാമ്യമില്ലാ വകുപ്പുകൂടി ചുമത്തിയ സാഹചര്യത്തിലാണു കോടതി നിർദേശം.
"മൃദംഗ വിഷൻ' മാനേജിംഗ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നികോഷ്കുമാർ (40), ഓസ്കർ ഇവന്റ് മാനേജ്മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷ് (45) എന്നിവുടെ മുൻകൂർ ജാമ്യഹർജിതീർപ്പാക്കിയാണ് ഉത്തരവ്.
പ്രതികൾ ചെയ്തതു ഗുരുതര കുറ്റകൃത്യമാണെന്നും പൊതുതാത്പര്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.