തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് ഇനി 20 കോച്ചുകൾ
Friday, January 3, 2025 2:31 AM IST
കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർഗോഡ് (20633/34) വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.
നിലവിൽ 16 കോച്ചുകളാണ് ഈ വണ്ടിക്കുള്ളത്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള പുതിയ 20 റേക്ക് ട്രെയിൻ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. ഈ റേക്കുകൾ ഇപ്പോൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഉള്ളത്.
അത് ഉടൻ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. അതിനു ശേഷം 20 കോച്ചുകളുള്ള വണ്ടി ഓടിത്തുടങ്ങും. എന്ന് മുതൽ ഇത് ആരംഭിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.
20 കോച്ചുകളുള്ള വണ്ടി സർവീസ് തുടങ്ങുമ്പോൾ നിലവിലെ 16 കോച്ചുകളുള്ള ട്രെയിൻ ദക്ഷിണ റെയിൽവേയിൽതന്നെ നിലനിർത്താനും റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.