ബാങ്കിൽനിന്ന് 1.46 കോടി രൂപ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
Friday, January 3, 2025 2:31 AM IST
കണ്ണൂർ: ബാങ്കിന്റെ സോഫ്റ്റ്വേറിൽ മാറ്റങ്ങൾ വരുത്തി 1.46 കോടി രൂപ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. താഴെചൊവ്വ കേരള ഗ്രാമീൺ ബാങ്ക് അസിസ്റ്റന്റ് മാനേജർ കണ്ണാടിപ്പറന്പ് സ്വദേശി വെള്ളക്കുടിയൻ സുജേഷ് (38) ആണ് അറസ്റ്റിലായത്.
കേരള ഗ്രാമീൺ ബാങ്കിന്റെ പള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കിംഗ് സർവീസ് ഓഫീസിലെ കോർബാങ്കിംഗ് സംവിധാനത്തിൽ വ്യാജമായ ഫയലുകൾ ഉണ്ടാക്കിയാണു പണം തട്ടിയത്. അമ്മയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം ട്രാൻഫർ ചെയ്താണു തട്ടിപ്പു നടത്തിയത്. മുക്കുപണ്ടം വച്ച് പണം തട്ടിയ കേസിൽ ജയിലിൽ കഴിഞ്ഞുവരികയാണ് സുജേഷ്.
ഡിജിറ്റൽ ബാങ്ക് മാനേജർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ടൗൺ പോലീസ് ക്രമക്കേട് കണ്ടെത്തിയത്. ജയിലിൽ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.