ഇ.പി. ജയരാജന്റെ ആത്മകഥ; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
Tuesday, November 26, 2024 2:51 AM IST
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ അച്ചടിക്കുന്നതിന് ഡിസി ബുക്സുമായി രേഖാമൂലമുള്ള കരാര്‍ ഉണ്ടായിരുന്നില്ലെന്ന് സിഇഒ രവി ഡിസി കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിനു മൊഴി നല്കി.
വിദേശത്തായിരുന്ന രവി ഡിസി തിരിച്ചെത്തിയിട്ടും മൊഴി നല്കാന് വൈകിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയ രവിയുടെ മൊഴിയെടുക്കല്‍ രണ്ടു മണിക്കൂര്‍ നീണ്ടു. മൊഴി നല്‍കിയതിനെക്കുറിച്ചോ പുസ്തക വിവാദത്തെക്കുറിച്ചോ കൂടുതല്‍ പ്രതികരിക്കാന്‍ രവി ഡിസി ആദ്യം തയാറായില്ലെങ്കിലും പിന്നീട് ഡിസി ബുക്സിന്റെ വിശദീകരണമെത്തി.
ജയരാജന് ഡിജിപിക്കു നല്കിയ പരാതി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിനു കൈമാറിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.
കോട്ടയത്തെ ഡിസി ബുക്സ് ഹെഡ് ഓഫീസിലെത്തി ജീവനക്കാരില്‍നിന്ന് ആദ്യ മൊഴിയെടുത്തപ്പോൾ പുസ്തകം അച്ചടിക്കാന്‍ രേഖാമൂലം കരാര്‍ ഉണ്ടായിരുന്നില്ലെന്ന വിവരം ലഭിച്ചിരുന്നു. രവി ഡിസിയുടെ മൊഴിയെടുത്തതിനെത്തുടർന്ന് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കോട്ടയം എസ്പി കൈമാറി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ അന്വേഷണം വേണമോയെന്നു ഡിജിപി തീരുമാനിക്കും. ഇ.പി. ജയരാജനുമായി വാക്കാല്‍ കരാറുണ്ടായിരുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡിസി ബുക്സ്.
പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ജയരാജന്റെ പരാതിയിൽ രവി ഡിസിയിൽനിന്ന് പോലീസ് മൊഴിയെടുത്തതിനു പിന്നാലെയാണ് നടപടി.