“ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് സങ്കടം”
Monday, November 25, 2024 3:49 AM IST
തൃശൂർ: സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണു സിപിഎമ്മിനു സങ്കടം. ഇ. ശ്രീധരൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിടിച്ച 50,000 വോട്ട് ഇത്തവണ 39,000 ആയി. അതിൽ ബിജെപിക്കാരേക്കാൾ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരനു കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി. ബിജെപിയുടെ വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഇ. ശ്രീധരൻ പിടിച്ചിരുന്നു. അതിൽ നല്ലൊരുഭാഗം രാഹുൽ തിരിച്ചുപിടിച്ചു. അതെങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്നും സതീശൻ ചോദിച്ചു.
സിപിഎം വോട്ട് വർധിപ്പിച്ചെന്നാണു പറയുന്നത്. ആയിരം വോട്ടുപോലും കൂടിയിട്ടില്ല. 2021 ലെ വോട്ടർപ്പട്ടികയെക്കാൾ 15,000 വോട്ടാണ് പുതിയതായി ചേർത്തത്. ഏഴായിരത്തോളം വോട്ട് ഞങ്ങൾക്ക് കിട്ടി.
മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് ലഭിക്കേണ്ടേ? 18,874 വോട്ടിനു ജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയത് എസ്ഡിപിഐയുടെയും വെൽഫയർ പാർട്ടിയുടെയും വോട്ടാണെന്നു പറയുന്നത് ജനങ്ങളെ അപമാനിക്കലാണെന്നും സതീശൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെ സ്വാഗതംചെയ്ത് സിപിഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. 30 വർഷമായി ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. പിണറായി വിജയൻ ജമാ അത്തെ ഇസ്ലാമിയുടെ ആസ്ഥാനത്തുവരെ പോയിട്ടുണ്ട്. 2001ൽ യുഡിഎഫ് നൂറു സീറ്റ് നേടി അധികാരത്തിൽ എത്തിയപ്പോഴും എൽഡിഎഫിന് കിട്ടിയ സീറ്റാണു ചേലക്കര.
പ്രചാരണത്തിൽ വീഴ്ചയില്ല. എല്ലാ മുതിർന്ന നേതാക്കളും പ്രചാരണത്തിനെത്തി. പാലക്കാട്ടെ വിജയവും ചേലക്കരയിലെ പരാജയവും യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.