മുനമ്പം: ജുഡീഷല്‍ കമ്മീഷൻ മുഖം രക്ഷിക്കാനെന്ന്
Monday, November 25, 2024 3:49 AM IST
കൊച്ചി: മുനമ്പം പ്രശ്നം മന്ത്രിസഭാ തീരുമാനത്തിലൂടെ പരിഹരിക്കേണ്ടതായിരുന്നുവെന്നും ജുഡീഷല്‍ കമ്മീഷനെ വിഷയം പഠിക്കാന്‍ നിയോഗിച്ചതുവഴി മുനമ്പം നിവാസികളുടെ പ്രശ്നങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്. എറണാകുളം ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച മുനമ്പം ശ്രദ്ധക്ഷണിക്കല്‍ സംഗമത്തിൽ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങള്‍ പരിഹരിക്കാനല്ല പകരം തങ്ങളുടെ മുഖം രക്ഷിക്കുകയെന്ന നിലപാടാണു സര്‍ക്കാരിന്. 2009ലെ മന്ത്രിസഭാതീരുമാനം വഴി തങ്ങളുടെ ഭൂമിയിലെ റവന്യു അധികാരങ്ങള്‍ നഷ്ടപ്പെട്ട മുനമ്പം നിവാസികള്‍ക്ക് മറ്റൊരു മന്ത്രിസഭാ തീരുമാനത്തിലൂടെ അവ പുനഃസ്ഥാപിച്ച് ജനങ്ങളോടൊപ്പം നില്‍ക്കേണ്ടിയിരുന്ന സര്‍ക്കാര്‍ അതിനു മുതിരാതെ ജുഡീഷല്‍ കമ്മീഷനെ വച്ച് തത്കാലം തടിതപ്പുകയാണ്. നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിച്ച് 2009ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരവിട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കല്‍ നടപടി തങ്ങള്‍ക്കു സംഭവിച്ച അബദ്ധമാണെന്നു തിരിച്ചറിഞ്ഞ് മറ്റൊരു മന്ത്രിസഭാ തീരുമാനത്തിലൂടെ അവസാനിപ്പിക്കേണ്ട കടമ നിലവിലെ സര്‍ക്കാരിനുണ്ടെന്നും പ്രമേയം വ്യക്തമാക്കി .
മുന്‍ എംപി തമ്പാന് തോമസ് ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ പ്രഫ. കെ.പി. ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. എന്‍. മാധവന്‍കുട്ടി, പി.എ. ഷാനവാസ്, അഡ്വ. വി.എം. മൈക്കിള്‍ തുടങ്ങിയവരും പങ്കെടുത്തു.