വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി ഓണ്‍ലൈനായി മാത്രം
Monday, November 25, 2024 3:49 AM IST
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ ഒന്നു മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു.
പുതിയ കണക്്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ ഒന്നു മുതൽ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB. INൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.അപേക്ഷാഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും.
എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നന്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ്എംഎസ്/വാട്സാപ്പ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുമെന്ന് അധികൃതർ അറിയിച്ചു.