അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.
അരുവിത്തുറ കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർ തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു.
ഇത് ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ, നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച "സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജ്ജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ' എന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു.
അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ എമിററ്റസ് പ്രഫ.ഡോ. ലാറി എറിക്സൺ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എമിററ്റസ് പ്രഫ.ഡോ. എം.എൻ.വി. പ്രസാദ് തുടങ്ങിയവർ എഡിറ്റർമാരായി പ്രസിദ്ധികരിച്ച പുസ്തകം ഇതിനോടകം ശാസ്ത്ര ഗവേഷണലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.
പുസ്തകത്തിന്റെ ഒരു കോപ്പി കോട്ടയം പുതുപ്പള്ളിയിലുള്ള റബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലന വിഭാഗം ഡയറക്ടർ ഡോ. എച്ച്. പ്രിയ വർമ ഏറ്റുവാങ്ങി.
ബോട്ടണി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഈ ഗവേഷണ നേട്ടത്തെ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
Tags : nattuvishesham district news kottayam