അയര്‍ക്കുന്നം: ആറുമാനൂര്‍ ചെത്തുകുളം ടൂറിസം പദ്ധതി അവതാളത്തിൽ. ജലനിധി പദ്ധതിയുടെ ഭാഗമായി തീരദേശ റോഡുകൾ കുഴിച്ചതിനാലാണ് പദ്ധതി സ്തംഭനാവസ്ഥയിലായത്. രണ്ടു വര്‍ഷക്കാലമായി റോഡ് ഗതാഗത യോഗ്യമല്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുവദിച്ച രണ്ടരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചെട്ടികുളം ടൂറിസം പദ്ധതി പ്രദേശമാണ് ജലവകുപ്പിന്റെ അലംഭാവത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
രണ്ടു വര്‍ഷമായി ജൽജീവന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തെ ടൈല്‍ പാകിയ റോഡുകളും പദ്ധതി പ്രദേശത്തേക്കുള്ള റോഡുകളും കുഴിച്ച ശേഷം ടൈലുകളും കോണ്‍ക്രീറ്റ് പാളികളും മറ്റും സമീപ പുരയിടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. റോഡ് മണ്ണും ചെളിയും കുഴികളും നിറഞ്ഞു പൊതുജനങ്ങള്‍ക്ക് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.
ഈ ഭാഗത്തൂടെ കടന്നുപോകേണ്ട ഇരുചക്രവാഹനങ്ങളടക്കമുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചാണ് പോകുന്നത്. മീനച്ചിലാറിന്റെ തീരപ്രദേശമായ ഈ ഭാഗം കുഴിച്ചശേഷം പുനഃസ്ഥാപിക്കാത്തതിനാല്‍ റോഡ് ഏതുനിമിഷവും ഇടിഞ്ഞു മീനച്ചിലാറിലേക്ക് പതിക്കാനും ഇടയുണ്ട്. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരാതികള്‍ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്രദേശത്തെ റോഡുകൾ ഉടന്‍ പുനഃസ്ഥാപിക്കാത്ത പക്ഷം വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ സത്യഗ്രഹം ആരംഭിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.