ബിജുമോന് ജോസഫ്
പാലാ: സംഘാടകമികവും സാന്നിധ്യവുംകൊണ്ടു ശ്രദ്ധേയമായി പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം. രാജ്യത്തിന്റെ പ്രഥമ പൗരന് ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കുചേര്‍ന്നു. ബിഷപ് വയലില്‍ ഹാളിലെ ആഴ്ചകള്‍ നീണ്ട കുറ്റമറ്റ ക്രമീകരണങ്ങള്‍ക്ക് മാനേജ്മെന്റും അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പങ്കാളികളായി.
കോളജ് മൈതാനത്ത് ഇന്നലെ വൈകുന്നേരം 3.50ന് എത്തിയ രാഷ്ട്രപതിയെയും സംസ്ഥാന ഗവര്‍ണറെയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിലും കലാകായികമേഖലയിലും മുക്കാല്‍ നൂറ്റാണ്ട് സെന്റ് തോമസ് അര്‍പ്പിച്ച സേവനങ്ങളെ രാഷ്ട്രപതി ഉള്‍പ്പെടെ പ്രശംസിച്ചു. കൊടിതോരണങ്ങളാല്‍ അലംകൃതമായ കാമ്പസിന് അഭിമാനം പകരുന്നതായിരുന്നു ജൂബിലി സമ്മേളനം.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോളജ് മാനേജരും പ്രോട്ടോ സിഞ്ചല്ലൂസുമായ റവ.ഡോ. ജോസഫ് തടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, എംജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ്കുമാര്‍, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
Tags : Kottayam