കുറുപ്പന്തറ: കുറുപ്പന്തറ കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. ഏറെനാളത്തെ പ്രതിഷേധങ്ങള്‍ക്കും എതിര്പ്പിനുമൊടുവിലാണ് ഓഫീസ് പ്രവര്‍ത്തനം കമ്യൂണിറ്റി ഹാളിലേക്കു മാറ്റിയത്. ശക്തമായ മഴയില്‍ ഓഫീസിനുള്ളിലേക്കു വെള്ളം ഒഴുകിയതിനെത്തുടര്‍ന്ന് കെഎസ്ഇബി ഓഫീസിനു മുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കരാര്‍ തൊഴിലാളിക്ക് ലാഡര്‍ ഗോവണിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റതോടെയാണ് ഓഫീസ് പ്രവര്‍ത്തനം മാറ്റുന്ന കാര്യത്തില്‍ വേഗത്തില്‍ തീരുമാനമായത്.
കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലെ കരാര്‍ തൊഴിലാളി വെള്ളൂര്‍ കാരക്കുന്നേല്‍ കെ.കെ കുഞ്ഞുമോനാ(44)ണ് പരിക്കേറ്റത്. 30 അടി താഴ്ചയിലേക്കു വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന് ചികിത്സയിലാണ്. കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്നത് കുറുപ്പന്തറ ബസ്സ്റ്റാന്‍ഡിലെ മാഞ്ഞൂര്‍ പഞ്ചായത്തുവക ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലാണ്.
ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്ന് മഴവെള്ളം കെട്ടിടത്തിനുള്ളിൽ വീഴുന്ന അവസ്ഥയാണ്. കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വര്‍ഷങ്ങളോളം പഴക്കമുള്ളതും ജീര്ണാവസ്ഥയിലുള്ളതുമാണ്. മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റ് പാളികളും മേല്‍ക്കൂരയിലെ ഷീറ്റ് ഉള്‍പ്പെടെയുള്ളവയും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലായ കെട്ടിടത്തില്‍നിന്നു കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി ആലോചനകള്‍ നടന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ല.
നാളുകളായി കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലായിരുന്നു. കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചു പണികള്‍ ആരംഭിച്ചിട്ടുണ്ട്. പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം ഇങ്ങോട്ടേക്കുതന്നെ മാറ്റുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.