കോട്ടയം: കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയിൽ നിന്ന് കാറിലാണ് ഭർത്താവ് സാം(59) മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്.
ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കഴിഞ്ഞ ദിവസമാണ ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994ലാണ് ജെസിയെ വിവാഹം ചെയ്തത്.
എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്.
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഇരുനിലവീട്ടിൽ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളിൽ ഇയാൾ വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരുമായി ജെസിയുടെ കൺമുമ്പിലൂടെ വീട്ടിൽ എത്തിയിരുന്നു.
ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാൽ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടിൽനിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിയറ്റ്നാം സ്വദേശിനിയായ സ്ത്രീ താൻ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈൽ നമ്പറും ഇവർ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകർത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാൾ വിദേശ വനിതയെ അറിയിച്ചു. ഇതിൽ ഭയന്ന ഇവർ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു.
പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടർന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടിൽ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാർ പറഞ്ഞു.
ആറുമാസമായി എംജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.
തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. 26ന് വൈകിട്ട് ആറിന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കൈയിൽ കരുതിയിരുന്ന മുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം സാം, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. തുടർന്ന് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.
അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.
29ന് ജെസിയെ സുഹൃത്ത് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ഇവർ കുറവിലങ്ങാട് പോലീസിൽ പരാതിപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലുണ്ടെന്ന് മനസലാക്കി.
പോലീസ് ബംഗുളൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവർ വിദേശത്താണ്.
വൈക്കം ഡിവൈഎസ്പി ടി.പി. വിജയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ്എച്ച് ഇ.അജീബ്, എസ്ഐ മഹേഷ് കൃഷ്ണൻ, എഎസ്ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.
വിവാഹിതരായത് മുതൽ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008ൽ സൗദിയിൽ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്.
വാതിലിന്റെ ലോക്ക് ഊരി പലതവണ തലയിൽ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമിൽ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ, തനിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടും ഇയാൾ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവർ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
Tags : murdercase kottayam extramaritalaffair