കടുത്തുരുത്തി: കടുത്തുരുത്തി-മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്സിസ് ഫ്ളോ പമ്പും ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് 28 ലക്ഷം രൂപ അനുവദിച്ചു. കടുത്തുരുത്തി- മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ അമിതമായ മഴമൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനാണ് ആധുനിക നിലവാരത്തിലുള്ള വെര്‍ട്ടിക്കല്‍ ആക്സിസ് ഫ്ളോ പമ്പും ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ പറഞ്ഞു.
തുക പാടശേഖരസമിതിക്ക് കൈമാറിയെന്നും പദ്ധതി പൂര്‍ത്തീകരിച്ചുവെന്നും ജോസ് പുത്തന്‍കാലാ അറിയിച്ചു. പലപ്പോഴും കാലം തെറ്റി പെയ്യുന്ന മഴയും അതേത്തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവുംമൂലം നെല്‍ച്ചെടികള്‍ വെള്ളത്തിനടിയിലാവുക പതിവാണ്. പാടത്ത് നിറയുന്ന വെള്ളം യഥാസമയത്ത് വറ്റിച്ചു നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ നിലവിലുള്ള മോട്ടോര്‍, പെട്ടി, പറ സംവിധാനങ്ങള്‍ പര്യാപ്തമല്ല. നെല്‍ച്ചെടികള്‍ ദിവസങ്ങളോളം വെള്ളത്തില്‍ കിടക്കുന്നതാണ് കൃഷിനാശത്തിനു കാരണം.
ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. 130 നിലമുടമകളും 210 ഏക്കര്‍ വിസ്തൃതിയുമുള്ള തെക്കുംപുറം പാടത്തിന് ആധുനിക സാങ്കേതിക നിലവാരമുള്ള വെര്‍ട്ടിക്കല്‍ ആക്സിസ് ഫ്ളോ പമ്പ് ലഭ്യമായതോടെ പാടത്തുണ്ടാകുന്ന വെള്ളക്കെട്ടിനും കൃഷിനാശത്തിനും പരിഹാരമാകുമെന്നും ജോസ് പുത്തന്‍കാലാ പറഞ്ഞു.
Tags : Kaduthuruthy Kottayam