മറ്റക്കര: നല്ലമ്മക്കുഴി-വെട്ടുകാട് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നു. ദിവസവും 15 സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന ഈ റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.
ഇരുചക്ര വാഹനയാത്രികർ കുഴികളിലും കല്ലിലും തട്ടി മറിഞ്ഞുവീഴുന്നതു പതിവാണ്. കൂടാതെ ഈ റോഡിൽ തെരുവുനായ ശല്യവും രൂക്ഷമായുണ്ട്.
ടാറിംഗ് ഇളകിക്കിടക്കുന്ന റോഡിലെ കുഴികളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാർക്ക് വീണ്ടും ദുരിതമാണ് സൃഷ്ടിക്കുന്നത്. മറ്റക്കര, പാദുവ, അയർക്കുന്നം, കിടങ്ങൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന എളുപ്പവഴി കൂടിയാണിത്.