അയര്‍ക്കുന്നം: കാടുകയറിയും തുരുമ്പെടുത്തും മങ്ങിയും ദിശാ ബോര്‍ഡുകള്‍ നശിക്കുന്നതായി യാത്രക്കാര്‍. ദിശ സൂചിപ്പിച്ചും അപകട സൂചന നല്‍കിയും ക്രമീകരിച്ചിരിക്കുന്ന ഈ ബോര്‍ഡുകള്‍ ബഹുഭൂരിപക്ഷവും അപകടത്തിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതെല്ലാം നിത്യേന കാണുന്ന അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും എത്രയുംവേഗം ബോര്‍ഡുകള്‍ വൃത്തിയാക്കാന്‍ നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒറവയ്ക്കല്‍ ചിറയില്‍ പാലത്തിനു സമീപത്തുള്ള അപകട സൂചനാ ബോര്‍ഡ് കാട്മൂടി. ഇവിടെ പതിവായി അപകട സാധ്യതാമേഖലയാണ്. ഒറവയ്ക്കല്നിന്നുള്ള വളവ് തിരിഞ്ഞ് കയറിവരുന്ന ഭാഗമാണ്. അടുത്തായി ഒരു വെയ്റ്റിംഗ് ഷെഡുമുണ്ട്.
കുറച്ചുകൂടി മുന്നോട്ടുപോകുമ്പോള്‍ അമയന്നൂര്‍ എന്നെഴുതിയ ബോര്‍ഡ് കാട്ടുചെടികൾ വിഴുങ്ങിയ നിലയിലാണ്.
അയര്‍ക്കുന്നം പോലീസ് സ്റ്റേഷന് കഴിഞ്ഞു കുറച്ചു മാറി ശബരിമല-മണര്‍കാട്-എരുമേലി എന്ന ബോര്‍ഡ് പെയിന്റ് മങ്ങി ചെളിപിടിച്ച നിലയിലാണ്. ഒരു വശത്തേക്ക് ചെരിവുമുണ്ട്.
അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു മുന്‍പായി സൂചനാ ബോര്‍ഡുകളിലേക്ക് കാടു കയറിയിട്ടുണ്ട്. ഇവയൊക്കെ നന്നാക്കുമെന്ന പ്രതീക്ഷയിലാണ് ഈ റൂട്ടിലെ യാത്രക്കാര്‍.
Tags : sign board Kottayam