തിരുവനന്തപുരം: കോച്ച് കെ.സി. ഗിരീഷ് ആംഗ്യ ഭാഷയില്‍ ടെക്നിക്ക് പറഞ്ഞു. ഗാലറിയിലിരുന്ന അച്ഛന് മോഹനന് നീളത്തില്‍ ഒന്നു വിസിലടിച്ചു. വട്ടത്തില്‍ ഒന്നു കറങ്ങി സോന ഡിസ്ക് തൊടുത്തത് റിക്കാര്‍ഡിലേക്ക്.
സംസ്ഥാന കായികമേളയില്‍ ജൂണിയിര് വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയും കുട്ടമത്ത് ഗവണ്മെന്റ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ സോന ടി. മോഹന്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്.
ത്രോ മത്സരങ്ങളിലെ വര്‍ഷങ്ങളായി ആധിപത്യം സ്ഥാപിച്ചു വരുന്ന കാസര്‍ഗോഡ് കെസി ത്രോ അക്കാദമിയില്‍ കെ.സി. ഗീരിഷിന്റെ പരിശീലനത്തിലാണ് സോനയുടെ സുവര്‍ണ നേട്ടം. തൃശൂര്‍ സ്വദേശി പി.എ. അതുല്യ ഏഴു വര്‍ഷം മുമ്പ് കുറിച്ച 37.73 മീറ്റര്‍ എന്നദൂരം 38.64 എന്നാക്കിയാണ് സോന സ്വന്തം പേര് റിക്കാര്‍ഡ് ബുക്കില്‍ ചേര്‍ത്തത്.
ഓട്ടോ തൊഴിലാളിയായ പി.പി. മോഹനന്റെയും സൗമ്യയുടെയും മൂത്ത മകളായ സോന കഴിഞ്ഞ സ്കൂള്‍ കായിക മേളയില്‍ ജൂണിയര്‍ ഡിസ്കസ് ത്രോയില്‍ വെള്ളി നേടിയിരുന്നു. ഹൈസ്കൂള്‍ കാലത്ത് ഡിസ്കസ് ത്രോയില്‍ കമ്പം തോന്നിയ സോന, ബന്ധുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്താലാണ് കെസി ത്രോ അക്കാദമിയിലെത്തുന്നത്. ഡിസ്കസില്‍ 40 മീറ്റര്‍ എന്ന തന്റെ സ്വപ്ന ദൂരം താണ്ടുകയാണ് സോനയുടെ അടുത്ത ലക്ഷ്യം.