തിരുവനന്തപുരം: ടൈല്‍ ജോലിയില്‍നിന്നു ലഭിക്കുന്ന വരുമാനം മൂന്നുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ ജീവിതച്ചെലവിനുപോലും തിനും നല്കുന്ന സന്ദേശം; കയാത്ത അവസ്ഥ. എന്നാല്‍, കുഞ്ഞു മക്കളുടെ കായിക താത്പര്യങ്ങള്‍ക്കു തന്റെ കഷ്ടപ്പാടും സാമ്പത്തിക പ്രതിസന്ധിയും വിലങ്ങാകാന്‍ ആന്റണി എന്ന അച്ഛന് അനുവദിച്ചില്ല. മുട്ടുമുറുക്കിയുടുത്തു സ്വരുക്കൂട്ടിയ പണത്തോടൊപ്പം ചില കായികപ്രേമികളുടെ നിര്‍ലോഭമായ സഹായവും ചേര്‍ത്തുവച്ച് മക്കളെ സംസ്ഥാന സ്കൂള്‍ മീറ്റിലേക്ക് ആന്റണി പറഞ്ഞയച്ചു, പതിവു തെറ്റിക്കാതെ ടൈല്‍ ജോലിക്കായി പോയി.
ജോലിക്കിടെ മകളുടെ ഫോണ്‍, രണ്ടു സ്വര്‍ണം സ്വന്തമാക്കിയ സന്തോഷ വിവരം അയാളുടെ ചെവിയില്‍; കുളിരായും തുടര്‍ന്നു കണ്ണീരായും ആന്റണിയുടെ ഹൃദയം വിങ്ങി... പ്രതിസന്ധികളെ പോരാടി കീഴടക്കിയ അച്ഛനും മകള്‍ക്കും സന്തോഷകണ്ണീരടക്കാനായില്ല...
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ നീന്തല്‍ മത്സരത്തില്‍ ഇരട്ട സ്വര്‍ണവും ഒരു വെള്ളിയും നേടിയ നതാനിയയുടെയും പിതാവ് ആന്റണിയുടേയും കഥയാണിത്. ഇന്നു നതാനിയ 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും പോരാട്ടത്തിനിറങ്ങുന്നുണ്ട്.
വരാപ്പുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ നതാനിയ വി. കാട്ടുപുറം സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 100, 200 മീറ്റർ ബാക് സ്ട്രോക്കില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി അച്ഛനു നല്കിയ വാക്കു പാലിച്ചുകഴിഞ്ഞു...
സഹോദരന് ഇവാനിയോയ്യും അമ്മ തെരേസ മെറിനുമൊപ്പം തിരുവന്തപുരത്തേക്കു സ്കൂള്‍ മീറ്റിനായി പോരുമ്പോള്‍ നതാനിയ അച്ഛനു നല്കിയ ഉറപ്പ് ഇങ്ങനെ: “ഇക്കുറി സുവര്‍ണനേട്ടം സ്വന്തമാക്കും” അവള് അത് പാലിച്ചു. കഴിഞ്ഞ വർഷം കൊച്ചിയില്‍ ഇതേയിനത്തില്‍ വെള്ളി നേട്ടത്തിന് അര്‍ഹയായ നതാനിയയ്ക്ക് ദേശീയ മീറ്റില്‍ പോവാന്‍ പണമില്ലാത്ത സ്ഥിതി. വാര്‍ഡ് കൗണ്‍സിലറും ഗോള്‍ഡ് ജിം എന്ന സ്ഥാപനവുമാണ് ഗുജറാത്തില്‍ നടന്ന മീറ്റില്‍ പങ്കെടുക്കാനായുള്ള കൈത്താങ്ങായതെന്ന് ആന്റണി സ്മരിച്ചു.
അര്‍ച്ചന ഉണ്ണികൃഷ്ണന്റെ കീഴില്‍ രാജഗിരി സ്കൂളിലാണ് നതാനിയയും സഹോദരന് ഇവാനിയോയും നീന്തല്‍ പരിശീലിക്കുന്നത്. ഇവാനിയോയും ഇക്കുറി സംസ്ഥാന മീറ്റില്‍ മത്സരത്തിനിറങ്ങിയിരുന്നു. ഒന്നാം ക്ലാസുകാരനായ ഇളയ സഹോദരന് മിഖായേലിനെയും നീന്തലിലേക്കു കൈപിടിച്ചു വിട്ടിരിക്കുകയാണ് ആന്റണി.
ആന്റണിയുടെ പിതാവ് വൃക്കരോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം ചികിത്സയിലായതോടെ വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത സ്ഥിതിയായിരുന്നു ഈ കുടുംബത്തിന്. പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ പല ദിവസങ്ങളിലും ആന്റണിക്ക് ജോലിക്കു പോകാനും കഴിഞ്ഞില്ല.
അപ്പോഴും കായികരംഗത്തു മക്കള്‍ക്കു പ്രോത്സാഹം നല്കുന്ന കാര്യത്തില്‍ ഈ പിതാവ് വിട്ടുവീഴ്ച വരുത്തിയില്ല. ഇടദിവസങ്ങളില്‍ തൊഴിലെടുത്ത് അതില്‍ നിന്നും ലഭിക്കുന്ന ചെറിയവരുമാനത്തില്‍ നിന്നും കുട്ടികളുടെ പരിശീലനത്തിനായുള്ള പണം നീക്കിവച്ചു. ഇത്തരത്തില്‍ കഷ്ടപ്പെട്ട് മക്കള്‍ക്കു കായിക പ്രോത്സാഹനം നല്കിയ പിതാവിന്റെ വിയര്‍പ്പിനു മകള്‍ സമ്മാനിച്ചത് സുവര്‍ണ പതക്കം.
ഡിസംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മീറ്റില്‍ പങ്കെടുക്കാനായി പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ആന്റണി ഇപ്പോള്‍. ഇല്ലായ്മയില്‍ പതറി നില്‍ക്കാത്ത പോരാട്ട വീര്യത്തിന്റെ കഥയാണ് നതാനിയയും പിതാവ് ആന്റണിയും കായിക കേരളത്തിനു നല്‍കുന്നത്.
Tags : Netanya