ലണ്ടൻ: നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിംഗിൽ യുകെയിൽ നിന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും പാചക വിദഗ്ധൻ ജോമോനും പങ്കു ചേരും.
ആഗോള തലത്തിൽ ബിസിനസ് - മാനേജ്മെന്റ് - പ്രഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗിൽ പങ്കുചേരുക. ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ മീറ്റിംഗിൽ കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.
ജീവകാരുണ്യ പ്രവർത്തകയും യുകെ, ദുബായി, കേരളം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ അടക്കമുള്ള സംരംഭങ്ങളുടെ ഉടമ കൂടിയായ ഷൈനു വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതി യോഗത്തിൽ അവതരിപ്പിക്കും.
ഭാവി തലമുറകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്കാരം എന്നിവ സ്കൂൾ തലം മുതൽ പഠന വിഷയമായി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കോവന്ററിയിലെ ടിഫിൻ ബോക്സ് റസ്റ്ററന്റിലെ ചീഫ് ഷെഫ് കൂടിയായ ജോമോനും അവതരിപ്പിക്കും.
Tags : Shinu Clare Mathews Shef Jomon Norka global meet IOC UK