ഔഗ്സ്ബുര്ഗ്: ജർമനിയിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ ഔഗ്സ്ബുര്ഗിലെ മലയാളി സമൂഹം ഈ വർഷത്തെ ഓണാഘോഷം "ഓണപ്പൂരം' എന്ന പേരിൽ സംഘടിപ്പിക്കുന്നു.
ശനിയാഴ്ച ഗ്യോഗിംഗൻ റോൺകാലി ഹൗസിലാണ്(ക്ലൗസൺബർഗ്7) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ അരങ്ങേറുന്നത്.
രാവിലെ 10ന് രജിസ്ട്രേഷനോടെ ചടങ്ങുകൾക്ക് തുടക്കമാകും. കേരളത്തിന്റെ തനത് സംസ്കാരത്തെ ജർമൻ മണ്ണിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
നാടൻ കലാരൂപങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, പൂക്കളം ഒരുക്കൽ, കൂടാതെ വടംവലി പോലുള്ള പരമ്പരാഗത മത്സരങ്ങൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.
അതോടൊപ്പം കുട്ടികൾക്കായുള്ള പ്രത്യേക മത്സരങ്ങളും കരോക്കെ ഗാനമേളയും ഓണപ്പൂരത്തിന് കൊഴുപ്പേകും. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ അവസാനിക്കുക.
Tags : augsburg malayali onam germany