ഡബ്ലിൻ: മലയാളിയായ വിനോദ് പിള്ളയെ അയർലൻഡിൽ പീസ് കമ്മീഷണറായി നിയമിച്ചു. മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് നീൽ കോളിൻസ് ആണ് നിയമന ഉത്തരവ് കൈമാറിയത്. കൗണ്ടി കിൽഡയറും അനുബന്ധ കൗണ്ടികളുമാണ് പ്രവർത്തനപരിധി.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അയർലൻഡിൽ താമസിച്ചുവരുന്ന വിനോദ് പിള്ള മാവേലിക്കര തട്ടാരമ്പലം സ്വദേശിയാണ്. തോപ്പിൽ മുരളീധരൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകനാണ്. ഭാര്യ രേണു വിനോദ്, മക്കൾ ഗായത്രി, പൂജ.
അയർലൻഡിൽ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുന്ന വിനോദ് പിള്ള ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ ഓസ്കാർ ട്രാവൽ ആൻഡ് എംബസി കോൺസുലർ സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.
ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിൽ നിന്നും തന്നെ ഏൽപ്പിച്ച പീസ് കമ്മീഷണർ സ്ഥാനം ഏറെ ഉത്തരവാദിത്വത്തോട് കൂടി നിറവേറ്റുമെന്ന് വിനോദ് പിള്ള ദീപികയോട് പറഞ്ഞു.
നിയമപരമായ പ്രഖ്യാപനങ്ങൾ എടുക്കുക, സർട്ടിഫിക്കറ്റുകളിലും ഓർഡറുകളിലും ഒപ്പിടുക, സമൻസുകളും വാറണ്ടുകളും പുറപ്പെടുവിക്കുക, സത്യവാചകം ചൊല്ലിക്കൊടുക്കുക തുടങ്ങിയവ പീസ് കമ്മീഷണറുടെ അധികാര പരിധിയിൽ പെട്ടവയാണ്.