ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനയ്ക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) പുരസ്കാരം കരസ്ഥമാക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്).
ന്യൂജഴ്സിയിലെ എഡിസൺ നഗരത്തിൽ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഐപിസിഎൻഎ 11-ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു അവാർഡ് നൽകി ആദരിച്ചത്. സാമൂഹ്യ സാംസ്കാരിക കായിക ആരോഗ്യ രംഗങ്ങളിൽ ഉള്ള മികച്ച സംഭാവനകളാണ് മാഗിനെ അവാർഡിനർഹം ആക്കിയത്.
പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് കെ. വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ്, ട്രസ്റ്റി ബോർഡ് അംഗം അനിൽ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വാളാച്ചേരിൽ എന്നിവർ കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഈ ബഹുമതി മാഗിന്റെ ബോർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും പുരസ്കാരം എല്ലാ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രസിഡന്റ് ജോസ് കെ. ജോൺ പറഞ്ഞു.