ബോൾട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആഘോഷിച്ചു. സേവന ദിനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടണിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു.
ബോൾട്ടൺ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ ഐഒസിയുടെ വനിതാ - യുവജന പ്രവർത്തകരടക്കം 22 സേവ വോളന്റിയർമാർ പങ്കെടുത്തു.
ബോൾട്ടൺ ചിൽഡ്രൻസ് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും വരും ദിവസങ്ങളിൽ ഐഒസിയുടെ നേതൃത്വത്തിൽ യുകെയിലാകമാനം സംഘടിപ്പിക്കുന്ന സർവോദയ ലഹരി വിരുദ്ധ കാമ്പയിനിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബോൾട്ടൺ സൗത്ത് ആൻഡ് വാക്ഡൻ എംപി യാസ്മിൻ ഖുറേഷി നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എംപി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേവന ദിനത്തിന്റെ ഭാഗമായ എല്ലാ വോളന്റിയർമാരെയും ആദരിച്ചുകൊണ്ടുള്ള സേവ സർട്ടിഫിക്കറ്റുകളുടെ വിതരണം യാസ്മിൻ ഖുറേഷി നിർവഹിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആൻഡ് പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജിപ്സൺ ഫിലിപ്പ് ജോർജ്, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, കെ.വി. രഞ്ജിത്കുമാർ, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, കെ.ജെ. ചിന്നു, പി.പി. പ്രണാദ്, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, പി.ഡി. ലൗലി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവർ സേവനദിനത്തിൽ സജീവ പങ്കാളികളായി.
മറ്റുള്ളവർക്കായി സേവനം ചെയ്യുക, നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്തം വഹിക്കുക എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും സംഘടനകളും കൂട്ടായ്മകളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് എംപി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഐഒസി യുകെ കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ ഓഫീസ് (ബോൾട്ടൺ) കെട്ടിടത്തിൽ ഒരുക്കിയ ഗാന്ധിസ്മൃതി സംഗമത്തിൽ സാമൂഹ്യ - സാംസ്കാരിക നായകരും ഐഒസി പ്രവർത്തകരും പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
ചടങ്ങിൽ, രണ്ട് ദിവസം മുൻപ് ലണ്ടനിലെ തവിസ്റ്റോക്ക് സ്ക്വയറിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ ഐഒസി യുകെ കേരള ചാപ്റ്ററിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ വിഷയത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഇനി മേലിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി യാസ്മിൻ ഖുറേഷിക്ക് സമർപ്പിച്ചു.
സംഭവത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഉടൻ തന്നെ കത്ത് അയക്കാമെന്നും പ്രശ്നം ഗൗരവമായി കാണുമെന്നും എംപി അറിയിച്ചു.
Tags : ioc uk gandhi jayanti congress