ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ നംസായിയിൽ ആസാം റൈഫിൾസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉൾഫ ഭീകരൻ കൊല്ലപ്പെട്ടു. നംസായ് പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലെകാംഗ് ഖാംപ്തി പ്രദേശത്ത് ഉൾഫ പ്രവർത്തകരുടെ സാന്നിധ്യത്തെക്കുറിച്ച് അസം റൈഫിൾസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഉൾഫ തീവ്രവാദികൾ ആസാം റൈഫിൾസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ആസാം റൈഫിൾസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ഒരു എച്ച്കെ സീരീസ് ഓട്ടോമാറ്റിക് റൈഫിൾ, ഒരു ഗ്രനേഡ്, മൂന്ന് ബാഗുകൾ എന്നിവ കണ്ടെടുത്തു.
ഹെലികോപ്റ്റർ, ഡ്രോൺ, ട്രാക്കർ നായ്ക്കൾ എന്നിവ ഉപയോഗിച്ച് മേഖലയിൽ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.