ന്യൂഡല്‍ഹി: ലഡാക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ പരിസ്ഥിതി പ്രവര്ത്തകന് സോനം വാംഗ്ചുകിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. അംഗ്മോ നല്കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഗീതാഞ്ജലിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന് സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റീസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വാംഗ്ചുകിനെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചില്ലെന്ന് ഗീതാഞ്ജലി ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തുകൊണ്ട് ഭാര്യയെ ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. തടങ്കലില്‍ വച്ചതിന്റെ കാരണങ്ങള്‍ ഭാര്യയെ അറിയിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നൽകി.
വാംഗ്ചുകിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയില്‍ നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വാംഗ്ചുകിന്റെ മോചനത്തില്‍ ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
നിലവില്‍ ജോധ്പുര്‍ ജയിലിലാണ് സോനം വാംഗ്ചുകിനെ പാര്‍പ്പിച്ചിട്ടുള്ളത്. വാംഗ്ചുകിനെ ആര്‍ട്ടിക്കിള്‍ 22 പ്രകാരം നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജയില്‍ മോചിതനാക്കണമെന്നുമാണ് ഗീതാഞ്ജലി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രസര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, എന്നിവര്‍ക്ക് പുറമെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ഹര്‍ജിയിലെ എതിര് കക്ഷികളാണ്.
Tags : Sonam Wangchuk Supreme Court Notice